മരം മുറിക്കുന്നതിനിടെ ഉയരത്തില്‍ നിന്ന് വീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളി മരിച്ചു. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണന്‍-സൗമിനി ദമ്പതികളുടെ മകന്‍ ഷിജുവാണ് (43) മരിച്ചത്.
കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ ഉയരത്തില്‍ നിന്ന് വീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളി മരിച്ചു. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണന്‍-സൗമിനി ദമ്പതികളുടെ മകന്‍ ഷിജുവാണ് (43) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീടിനുസമീപം മരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആതിരയാണ് ഷിജുവിന്റെ ഭാര്യ. ദൃശ്യ, കൃഷ്ണ എന്നിവര്‍ മക്കളാണ്.
അതേസമയം, ഗുരുവായൂർ കോട്ടപ്പടിയിൽ മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥ ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. നാട്ടുകാർ മൃതദേഹവുമായി കെ എസ്ഇബി ഓഫീസിലെത്തിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിൽ മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചത്.
സ്വകാര്യ വ്യക്തിയുടെ വീട്ടിലുണ്ടായിരുന്ന മരം മുറിക്കുന്നതിനിടെ ആയിരുന്നു മരത്തിന്റെ കൊമ്പുകൾ കമ്പിയിൽ വീണ് ഇയാൾ മരിച്ചത്. കോട്ടപ്പടി സ്വദേശി നാരായണൻ (47) ആണ് മരിച്ചത്. മൃതദേഹം ആംബുലൻസിൽ കെ എസ് ഇ ബി ഓഫിസിൽ എത്തിച്ചു. ഭാര്യയ്ക്കു ജോലി നൽകണമെന്ന് സമരക്കാരുടെ ആവശ്യം. മാന്യമായ നഷ്ടപരിഹാരവും വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഒരുമണിക്കൂറിലധികം പ്രതിഷേധം നീണ്ടിരുന്നു.