കഴിഞ്ഞ മാസവും ഷോക്കേറ്റ് 2 മരണം, ഇനി അനുവദിക്കില്ല; അനധികൃത വൈദ്യുതി വേലികള്‍ തേടി കെഎസ്ഇബി, കർശന നടപടി

By Vijayan Tirur  |  First Published Feb 4, 2024, 12:58 PM IST

2023- ല്‍ സംസ്ഥാനത്തൊട്ടാകെ 265 വൈദ്യുത അപകടങ്ങളിലായി 121 പേര്‍ ഷോക്കേറ്റ് മരിച്ചുവെന്നാണ് കണക്ക്. വയനാട്ടിൽ 2024ൽ ജനുവരിയിൽ മാത്രം രണ്ട് പേരാണ് ഷോക്കേറ്റ് മരിച്ചത്.


കല്‍പ്പറ്റ: വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് തുടരെ തുടരെയുണ്ടാകുന്ന മരണങ്ങളില്‍ ഒടുവില്‍ നടപടിയെടുക്കാന്‍ ജില്ലയിൽ കെ.എസ്.ഇ.ബിയും വനംവകുപ്പും പൊലീസും തയ്യാറെടുക്കുന്നു. അധികാരികളുടെ അറിവോടെയല്ലാതെ കര്‍ഷകര്‍ സ്വന്തം നിലക്ക് സ്ഥാപിക്കുന്ന അശാസ്ത്രീയ വൈദ്യുത വേലികളില്‍ നിന്ന് ഷേക്കേറ്റുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ നടപടിക്കൊരുങ്ങുന്നത്. പ്രധാനമായും കെ.എസ്.ഇ.ബി ആയിരിക്കും വൈദ്യുതി വേലി സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുക. വൈദ്യുതി നിയമം 2003 ലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസ്. 

ആവശ്യമെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമം നിഷ്‌കര്‍ഷിക്കുന്ന നടപടികളും വന്യ ജീവി സംരക്ഷണ നിയമ പ്രകാരവുമുള്ള നടപടികളുമുണ്ടാകും. വന്യമൃഗങ്ങളെ തുരത്തുന്നതിനെന്ന പേരില്‍ വയനാട്ടിലെ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്ന വൈദ്യുത വേലികള്‍ അനധികൃതമെന്ന് ബോധ്യപ്പെട്ടാല്‍ ഇക്കാര്യം തൊട്ടടുത്ത സെക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഇത്തരം വേലികള്‍ക്കായി പരിശോധന വ്യാപകമാക്കി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

Latest Videos

undefined

വൈദ്യുത വേലികള്‍ അപകടരഹിതമാക്കാം 

ലൈസന്‍സുള്ളവരും പ്രവൃത്തി പരിചയമുള്ളവരുമായ വ്യക്തികള്‍ നിര്‍മ്മിക്കുന്ന വൈദ്യുത വേലിയാണെങ്കിലും ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതാണെങ്കിലും അംഗീകൃത നിലവാരമുള്ള 'ഇലക്ട്രിക് ഫെന്‍സ് എനര്‍ജൈസര്‍' എന്ന ഉപകരണം സ്ഥാപിച്ച് ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ അംഗികാരം നേടിയ ശേഷം മാത്രമെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുള്ളൂ. കെ.എസ്.ഇ.ബി കണക്ഷനുകളില്‍ നിന്നാണ് ബാറ്ററി ചാര്‍ജ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസില്‍ നിന്നും അനുമതി വാങ്ങണം. മൃഗങ്ങള്‍ കുടുങ്ങിക്കിടക്കാത്ത വിധം ശാസ്തീയമായി നിര്‍മ്മിച്ച വേലിയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. കെ.എസ്.ഇ.ബി.യില്‍ നിന്നും നല്‍കിയിട്ടുള്ള വൈദ്യുത കണക്ഷനില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി നേരിട്ട്  വേലികളിലേക്കും മൃഗ, മത്സ്യവേട്ടക്കും മറ്റും ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്.

വയനാട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മരണങ്ങള്‍ 

2018 ഓഗസ്റ്റില്‍ പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. ചീയമ്പം ചെട്ടി പാമ്പ്ര കൃഷ്ണവിലാസം ഗോപാലകൃഷ്ണന്‍ (53) പുലര്‍ച്ചെ ആറുമണിയോടെ കൃഷിയിടത്തിലേക്ക് എത്തിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.  2021 ജൂണ്‍ ഏഴിന് സുല്‍ത്താന്‍ബത്തേരിക്കടുത്ത കല്ലൂര്‍ തിരുവണ്ണൂരില്‍ 27-കാരനായ മുഹമ്മദ് നിസാം എന്ന യുവാവ് വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. അനധികൃതമായി സ്ഥാപിച്ച വേലിയില്‍ നിന്നാണ് നിസാമിന് ഷോക്കേറ്റതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഉത്തരവാദികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബത്തേരി പോലീസ് സ്‌റ്റേഷന് മുമ്പില്‍ ബന്ധുക്കളും നാട്ടുകാരും സമരവും നടത്തി. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

2022 സെപ്റ്റംബര്‍ നാലിന് മേപ്പാടി തൃക്കൈപ്പറ്റ ചൂരക്കുനി കുണ്ടുവയല്‍ കോളനിയിലെ രഘു (45) വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. ഈ സംഭവത്തില്‍ വേലി സ്ഥാപിക്കാന്‍ രഘുവിന് ഒപ്പമുണ്ടായിരുന്ന ചൂരക്കുനി മുരിങ്ങത്തേരി ഷാജി (50) അറസ്റ്റിലായിരുന്നു. ഷാജിയും രഘുവും ഒരുമിച്ച് കാട്ടുപന്നിയെ വേട്ടയാടാന്‍ വേലി സ്ഥാപിക്കുകയായിരുന്നവെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. പന്നി കുടുങ്ങിയിട്ടുണ്ടോ എന്ന് അറിയാന്‍ ഷാജി വേലിക്കരികില്‍ എത്തിയപ്പോഴാണ് രഘു മരിച്ചു കിടക്കുന്നത് കണ്ടത്. എന്നാല്‍ ഇയാള്‍ ഈ വിവരം ആരോടും പറഞ്ഞില്ല. ഒരു ഞായറാഴ്ച്ചയായിയിരുന്നു സംഭവം. പിന്നീട് പഞ്ചായത്ത് അംഗം വഴി തിങ്കളാഴ്ച ഉച്ചയോടെയാണ് രഘുവിന്റെ മരണവാര്‍ത്ത പുറത്തെത്തിയത്. രഘുവിനെ കാണാതയെന്ന് കാണിച്ച് ബന്ധുക്കള്‍ ഇതിനകം തന്നെ പരാതിയും നല്‍കിയിരുന്നു.

2024 ജനുവരി 25ന് കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരണപ്പെട്ടതാണ് വയനാട്ടിലെ ഒടുവിലുണ്ടായത്. പുല്‍പ്പള്ളി കാപ്പി സെറ്റ് ചെത്തിമറ്റം പുത്തന്‍പുരയില്‍ ശിവദാസ് (62) ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. കൃഷിയിടത്തില്‍ സ്ഥാപിച്ച പമ്പ് സെറ്റ് ശരിയാക്കാന്‍ ഇരുവരും വേലി ചാടിക്കടന്ന് പോകുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. വേലിയിലേക്ക് വൈദ്യുതി പ്രവഹിച്ച കാര്യം ദമ്പതികള്‍ അറിഞ്ഞിരുന്നില്ല. അപകടത്തിനുശേഷം സ്ഥലത്ത് എത്തിയ കെഎസ്ഇബി അധികൃതര്‍ നടത്തിയ പരിശോധനയില്‍  വേലിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ടതായി കണ്ടെത്തിയിരുന്നു.

2021-ല്‍ വയനാട്ടില്‍ മാത്രം 11 പേര്‍ ഷോക്കേറ്റ് മരിച്ചിരുന്നു. ഇതില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മൂന്നുപേരും അനധികൃതമായി വയറിങ് ജോലി ചെയ്യുന്നതിനിടെ അഞ്ച് പേരും വീടുകളിലെ വയറിങ്ങുകളില്‍ നിന്ന് ഷോക്കറ്റ് മൂന്നുപേരും മരിച്ചതായി ജില്ല വൈദ്യുത അപകട നിവാരണ സമിതി പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

2023- ല്‍ സംസ്ഥാനത്തൊട്ടാകെ 265 വൈദ്യുത അപകടങ്ങളിലായി 121 പേര്‍ ഷോക്കേറ്റ് മരിച്ചുവെന്നാണ് കണക്ക്. അനധികൃത വൈദ്യുത ജോലികള്‍ക്കിടെ പത്ത് പേരും ഉപഭോക്തൃ പരിസരത്തെ എര്‍ത്ത് ലീക്കേജ് കാരണം 17 പേരും വൈദ്യുതി ലൈനിനു സമീപം ലോഹനിര്‍മ്മിതമായ തോട്ടിയും ഏണിയുമുപയോഗിക്കുമ്പോള്‍ ഷോക്കേറ്റ് 15 പേരും വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേരും മരണമടഞ്ഞു. ഉത്സവങ്ങളോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുമ്പോഴാണ് ഏഴ് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ് ഇതിലേറെയുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.

Read More : ദേശീയ ശരാശരിയിലും കൂടുതൽ, കേരളത്തിൽ കാൻസർ രോഗികൾ പെരുകുന്നു; തെക്കൻ ജില്ലകളിലെ പുരുഷന്മാർ ശ്രദ്ധിക്കണം!

click me!