'ഗായിക എന്ന നിലയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയിട്ടുണ്ട്. അവിടെയെല്ലാം മലയാളിക്ക് ലഭിക്കുന്ന ആദരവും അംഗീകാരവും അടുത്തറിയാനും സാധിച്ചിട്ടുണ്ട്.'
തിരുവനന്തപുരം: കേരളീയം പരിപാടി നടത്താന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി കെ.എസ് ചിത്ര. ഈ വര്‍ഷം നവംബര്‍ ഒന്നിലെ കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും. കാരണം അന്ന് മുതല്‍ ഒരാഴ്ചക്കാലമാണ് തിരുവനന്തപുരത്ത് കേരളീയം 2023 നടക്കുക. എല്ലാ മേഖലകളിലെയും കേരളത്തിന്റെ ലോകോത്തര സംഭാവനകളെ ലോകത്തിനു മുമ്പാകെ വിളംബരം ചെയ്യുന്നതിനുള്ള ഉജ്ജ്വല വേദിയാണ് കേരളീയമെന്ന് ചിത്ര പറഞ്ഞു. കേരളീയം 2023ന്റെ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചിത്ര.
'ഒരു ഗായിക എന്ന നിലയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയിട്ടുണ്ട്. അവിടെയെല്ലാം മലയാളിക്ക് ലഭിക്കുന്ന ആദരവും അംഗീകാരവും അടുത്തറിയാനും സാധിച്ചിട്ടുണ്ട്.' നമ്മുടെ കഴിവിനും ആത്മാര്‍ത്ഥതയ്ക്കും ലഭിക്കുന്ന ആദരവാണത്. കേരളീയം ഗംഭീര വിജയമാകട്ടെയെന്നും ചിത്ര ആശംസിച്ചു.
കേരളത്തിന്റെ നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ എത്തിച്ച് കേരളീയത്തെ ചരിത്ര സംഭവമാക്കുന്നതിനുള്ള പരിശ്രമങ്ങളാണു നടക്കുന്നതെന്ന് ചടങ്ങില്‍ ആമുഖപ്രഭാഷണം നടത്തിയ മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. എ.എ റഹീം എം.പി., എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്, ഐ.ബി സതീഷ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെയാണ് കേരളീയം പരിപാടി തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കുന്നത്. പരിപാടിയുടെ ഭാഗമായി വൈകുന്നേരങ്ങളില്‍ കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെ വാഹന ഗതാഗതം ഉണ്ടാവില്ല. ട്രാഫിക് വഴി തിരിച്ചു വിടും. 60 വേദികളിലായി 35 ഓളം പ്രദര്‍ശനങ്ങള്‍ നടക്കും. ഇതിനൊപ്പം സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ആറ് ട്രേഡ് ഫെയറുകള്‍, അഞ്ചു വ്യത്യസ്ത തീമുകളില്‍ ചലച്ചിത്രമേളകള്‍, അഞ്ചു വേദികളില്‍ ഫ്ളവര്‍ഷോ, എട്ടു വേദികളില്‍ കലാപരിപാടികള്‍, നിയമസഭയില്‍ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങിയവയും സംഘടിപ്പിക്കും.