
തൃശ്ശൂർ: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ തൃശൂർ ജില്ലയിലെ എടതിരിഞ്ഞി ചെട്ടിയാലില്‍ റിട്ട. അധ്യാപകനില്‍ നിന്നും 45 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കൂടി കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശിയായ മാനകത്ത് വീട്ടില്‍ ജാസിര്‍ (32), കോഴിക്കോട് പുതിയങ്ങായി കോയ റോഡ് സ്വദേശിയായ ഷക്കീല്‍ റഹ്‌മാന്‍ (32) എന്നിവരെയാണ് കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ ഒരു യുവതിയെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് യുവാക്കളിലേക്ക് അന്വേഷണം നീണ്ടത്. അധ്യാപകനില്‍ നിന്നും തട്ടിയെടുത്ത പണത്തില്‍ ഏഴര ലക്ഷം രൂപ ഈ യുവതിയുടെ അക്കൗണ്ടിലൂടെ മാറിയിതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. മാറിയെടുത്ത പണം ഇപ്പോള്‍ പിടിയിലായ യുവാക്കള്‍ക്കാണ് യുവതി കൈമാറിയിട്ടുള്ളതെന്നും 5000 രൂപ കമ്മീഷന്‍ കൈപ്പറ്റിയതായും പൊലീസ് കണ്ടെത്തിയിരുന്നു.
തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം നിര്‍ധനരായ യുവാക്കളുടെയും യുവതികളുടെയും അക്കൗണ്ടിലേയക്കയച്ച് ചെറിയ കമ്മീഷന്‍ നല്‍കി അവരെക്കൊണ്ട് പിന്‍വലിപ്പിക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മറ്റ് പ്രതികൾ കേസിൽ ഉണ്ടോ എന്നും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam