അത്താണിയില്‍ വീട്ടമ്മ ജോലി ചെയ്തിരുന്ന ഷോപ്പിന് സമീപമുള്ള മത്സ്യക്കടയിലായിരുന്നു മഷൂദും ജോലി ചെയ്തിരുന്നത്. ഇയാള്‍ ശല്യം ചെയ്യുന്നതായി വീട്ടമ്മ ഫിഷ് സ്റ്റാൾ ഉടമയോട് പരാതി പറഞ്ഞു. തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
കോഴിക്കോട്: അത്തോളിയില്‍ വീട്ടമ്മയെ ബ്ലേഡ് ഉപയോഗിച്ച് കൊല്ലാൻ നോക്കിയത് തന്‍റെ വിവാഹ അഭ്യാർത്ഥന നിരസിച്ചതിനാലാണെന്ന് പ്രതിയുടെ മൊഴി. വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടമ്മ അവഗണിച്ചതിനാലും പരാതി പറഞ്ഞ് ജോലി പോയതോടെയുള്ള പകയിലുമാണ് താൻ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് വേളൂര്‍ കോതങ്കലില്‍ എലത്തൂര്‍ മാഷിദ മന്‍സില്‍ വി മഷൂദ്(32) പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസമാണ് വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടിയത്.
വേളൂര്‍ കോതങ്കലില്‍ വാടകവീട്ടില്‍ താമസിച്ച് വരികയായിരുന്ന യുവാവ് കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് വീട്ടമ്മയെ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് കൊല്ലാൻ നോക്കിയത്. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് മഷൂദ് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. വീട്ടമ്മ കടയില്‍ നിന്നും മടങ്ങിവരവേ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. മുറിവേറ്റ യുവതി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തിൽ ഷാൾ ഉണ്ടായിരുന്നതിനാൽ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
അത്താണിയില്‍ വീട്ടമ്മ ജോലി ചെയ്തിരുന്ന ഷോപ്പിന് സമീപമുള്ള മത്സ്യക്കടയിലായിരുന്നു മഷൂദും ജോലി ചെയ്തിരുന്നത്. ഇയാള്‍ ശല്യം ചെയ്യുന്നതായി വീട്ടമ്മ കടയുടമയോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നും മഷൂദ് നിരന്തരം വിവാഹ അഭ്യര്‍ത്ഥന നടത്തിയെങ്കിലും വീട്ടമ്മ നിരസിക്കുകയായിരുന്നു. ഈ രണ്ട് കാരണങ്ങളാണ് പ്രതിയെ പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബ്ലേഡ് കൊണ്ടാണ് മുറിവേല്‍പ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. അക്രമം നടന്ന സ്ഥലത്ത് നിന്നും 50 മീറ്റര്‍ അകലെ റോഡില്‍ നിന്നും പ്രതി ഉപയോഗിച്ച ബ്ലേഡ് കണ്ടെത്തിയിരുന്നു. വീട്ടമ്മയുടെ പുറകിലൂടെ ഓടിയെത്തിയാണ് കൃത്യം നടത്തിയതെന്ന് പ്രതി വിവരിച്ചു. . ദുരൂഹ സാഹചര്യത്തില്‍ ഒരാള്‍ കുനിയില്‍ കടവ് റോഡിലെ ടര്‍ഫിന് സമീപം നില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മഷൂദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേരാമ്പ്ര ഡിവൈ എസ്പി വിവി ലതീഷിന്റെ മേല്‍നോട്ടത്തില്‍ അത്തോളി പൊലീസ് ഇന്‍സ്പെക്ടര്‍ ഡി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരിയായ വീട്ടമ്മ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
Read More : മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളുടെ മരണം; കോഴിക്കോട് ബീച്ചിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിച്ചു