ശ്ശെടാ... കോഴിക്കോട്ടെ കാക്കക്കൂട്ടിൽ സ്വർണവള! യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? നസീറും നാട്ടുകാരും അമ്പരപ്പിൽ

By Web Team  |  First Published Jan 5, 2024, 7:15 PM IST

കാപ്പാട് സ്വദേശികളായ നസീറിന്റെയും ഷരീഫയുടെയും ആറുവയസ്സുകാരിയായ മകള്‍ ഫാത്തിമ ഹൈഫയുടെ വളയാണ് കാണാതായത്


കോഴിക്കോട്: സ്വര്‍ണവില ഓരോ ദിവസവും കുതിച്ചുുരുന്ന ഈ കാലത്ത് ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ വള നഷ്ടമായാല്‍ നമ്മള്‍ എവിടെയെല്ലാം തിരയും? ആരെയെല്ലാം സംശയിക്കും? വള മോഷ്ടിച്ചത് ഒരു കാക്കയും ഒളിപ്പിച്ചുവെച്ചത് ഒരു കാക്കക്കൂട്ടിലും ആണെങ്കിലോ. അതെ, കോഴിക്കോട് കാപ്പാടാണ് അറിഞ്ഞവരെ മുഴുവന്‍ അതിശയത്തിലാഴ്ത്തിയ സംഭവങ്ങള്‍ നടന്നത്.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് വീഴ്ച, മലപ്പുറം സ്വദേശിക്ക് 1 ലക്ഷം നഷ്ടപരിഹാരം കൊടുക്കാൻ ഉത്തരവ്! ഏജൻസിക്ക് പണി

Latest Videos

കാപ്പാട് സ്വദേശികളായ കണ്ണന്‍കടവ് പരീക്കണ്ടി പറമ്പില്‍ നസീറിന്റെയും ഷരീഫയുടെയും ആറുവയസ്സുകാരിയായ മകള്‍ ഫാത്തിമ ഹൈഫയുടെ വളയാണ് കാണാതായത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ആഭരണങ്ങള്‍ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മാലയും വളയും കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. വീട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ആഭരണങ്ങള്‍ കണ്ടെത്താനായില്ല. എന്നാല്‍ ഇതിന് മുന്‍പ് ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവന്നപ്പോള്‍ ആഭരണങ്ങള്‍ കടലാസില്‍ പൊതിഞ്ഞ് വേസ്റ്റ് ബിന്നിന്റെ അടപ്പിന് മുകളില്‍ വെച്ചിരുന്നതായി കുട്ടി പിന്നീട് നസീറിനോടും ഷരീഫയോടും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വീടിന് സമീപം മാലിന്യങ്ങള്‍ കൂട്ടിയിടുന്ന സ്ഥലത്ത് തിരഞ്ഞു നോക്കിയപ്പോള്‍ ഒരു പവന്റെ മാല ലഭിച്ചു. എന്നാല്‍ മുഴുവന്‍ സ്ഥലത്തും പരിശോധിച്ചെങ്കിലും വള കണ്ടെത്താനായില്ല. ആഭരണം നഷ്ടമായെന്ന് ഉറപ്പിച്ച് തിരച്ചില്‍ അവസാനിപ്പിച്ചു.

എന്നാല്‍ ആഭരണം നഷ്ടമായത് അറിഞ്ഞെത്തിയ അയല്‍വാസി, താന്‍ ഒരു കാക്ക പ്ലാസ്റ്റിക് വള കൊത്തിയെടുത്ത് തെങ്ങിന്റെ മുകളിലേക്ക് പറക്കുന്നത് കണ്ട കാര്യം നസീറിനോട് സൂചിപ്പിച്ചു. തങ്ങളുടെ സ്വര്‍ണ്ണവളയും ഇതേരീതിയില്‍ കാക്ക കൊത്തിപ്പറന്നുകാണുമോ എന്ന സംശയം നസീറിനും ഉണ്ടായി. ഒടുവില്‍ അവസാനവട്ട ശ്രമമെന്ന നിലയ്ക്ക് തെങ്ങിന് മുകളില്‍ കയറി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാക്ക കൂട്ടില്‍ ഇല്ലാത്ത സമയത്ത് തെങ്ങിന് മുകളില്‍ കയറിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. കാക്ക തന്റെ കൂട് നിര്‍മിക്കുന്നതിനായി ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണവളയും ഉപയോഗിച്ചിരിക്കുന്നു. കേസൊന്നുമില്ലാതെ തന്റെ തൊണ്ടിമുതലായ വള തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് നസീറും കുടുംബവും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!