ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും; കാലിൽ തരിപ്പ് പോലെ; പേടിച്ച് വീടിന് പുറത്തിറങ്ങി നാട്ടുകാര്‍, ആശങ്ക

By Web Team  |  First Published Jun 14, 2023, 11:32 AM IST

ഭൂമികുലുക്കമാണെന്ന് കരുതി ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങി. ഈ മാസം ആദ്യം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു.


കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് രാത്രിയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായത്. ഇന്നലെ രാത്രി 9.55ന് ആണ് സംഭവം. ഇടിമുഴക്കത്തിന് സമാനമായി സെക്കൻഡുകൾ നീണ്ടുനിന്ന മുഴക്കമാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

നിലത്ത് നിന്ന് കാലിൽ തരിപ്പ് അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങിയപ്പോഴാണ് നാട്ടുകാര്‍ പരിഭ്രാന്തരായത്. കറുകച്ചാൽ, നെടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻകുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലാണ് മുഴക്കമുണ്ടായത്. ഇതോടെ ഭൂമികുലുക്കമാണെന്ന് കരുതി ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങി. പ്രാദേശിക സാമൂഹ്യ മാധ്യമ കൂട്ടായ്മകളില്‍ ഈ സംഭവത്തെ കുറിച്ച് നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്. ഈ മാസം ആദ്യം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു.

Latest Videos

കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്‍ദവും കേട്ട് നാട്ടുകാർ ആശങ്കാകുലരായി. കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്‍ദം കേള്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം അവസാനം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്‍ദവും കേട്ടതും പ്രദേശവാസികളെ ഭയപ്പെടുത്തിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജിയോളജി വകുപ്പിലെ വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.

മുമ്പ് ഇത്തരത്തിൽ ശബ്‍ദം ഉണ്ടായപ്പോൾ ഭൂമിക്കടിയിലുണ്ടാകുന്ന പ്രതിഭാസം എന്നായിരുന്നു ജിയോളജി വകുപ്പ് പറഞ്ഞത്. കുടുതൽ വിദ​ഗ്ധ പഠനത്തിനായി ഭൗമശാസ്ത്ര വകുപ്പിലെ വിദ​ഗ്ധരെത്തി പഠനം നടത്തിയാൽ മാത്രമേ എന്താണ് കൃത്യമായ കാരണമെന്ന് വ്യക്തമാവൂ എന്നാണ് ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നത്. സമാനമായി ജില്ലയില്‍ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായതോടെ കൂടുതല്‍ വിദഗ്ധ പരിശോധന നടത്തണമെന്ന് ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. 

അണ്ണാമലൈയുമായി കൊമ്പുകോർത്ത ശക്തൻ; ഇഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജി ആരാണ്, കേസ് എന്താണ്?

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

click me!