സി സി ടി വികൾ പരിശോധിച്ച പുനലൂർ പൊലീസ് കുഞ്ഞുമോളും നിജാസും രക്ഷപ്പെട്ട കാർ തിരിച്ചറിഞ്ഞു
പുനലൂർ: കൊല്ലം പുനലൂരിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം 2 പേർ പിടിയിൽ. ആലപ്പുഴ കാവാലം സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം പോത്തൻകോട് സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ചെട്ടികുളങ്ങര സ്വദേശി ഗിരീഷിനെ പ്രതികൾ ആക്രമിച്ച് പണം തട്ടിയെടുത്തത്.
കൊച്ചിയിൽ അവിവാഹിതരുടെ മഹാ സംഗമം, പ്രതിനിധികൾ എത്തിയത് കൊച്ചി, ആലപ്പുഴ, വരാപ്പുഴ രൂപതകളിൽ നിന്നും
വിശദ വിവരങ്ങൾ ഇങ്ങനെ
ആലപ്പുഴയിലെ ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായത്. ജ്വല്ലറിയിൽവെച്ചാണ് കാവാലം സ്വദേശി കുഞ്ഞുമോളെയും ഡ്രൈവറായ പോത്തൻകോട് സ്വദേശി നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതികൾ ഗിരീഷിനെ കൊല്ലം പുനലൂരിൽ എത്തിച്ചു. കുഞ്ഞുമോളുടെ പരിചയക്കാരനായ ശ്രീകുമാർ എന്നയാളുമായി കൂടിക്കാഴ്ച നടത്തി. സ്വർണം കാണാതെ പണം നൽകില്ലെന്ന് ഗിരീഷ് പറഞ്ഞു. തുടർന്ന് കുഞ്ഞുമോളും നിജാസും ഗിരീഷും വന്ന കാറിൽ തന്നെ മടങ്ങാൻ തുടങ്ങി. നെല്ലിപ്പള്ളി പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ കുഞ്ഞുമോൾക്ക് ശ്രീകുമാറിന്‍റെ ഫോൺകോൾ എത്തി. തുടർന്ന് ഗിരീഷിനെ ശ്രീകുമാറും കൂട്ടാളിയും കാത്തുനിന്ന സ്ഥലത്ത് എത്തിച്ചു. അവിടെ നിന്ന് ഗിരീഷിനെ ചെമ്മന്തൂരിലേക്ക് കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. ഗിരീഷിന്‍റെ ബാഗിൽ ഉണ്ടായിരുന്ന അഞ്ചര ലക്ഷം രൂപ കവർന്നു. ഫോണും തട്ടിയെടുത്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് നിന്ന ഗിരീഷിനെ ആശുപത്രിയിൽ എത്തിച്ചത്. സി സി ടി വികൾ പരിശോധിച്ച പുനലൂർ പൊലീസ് കുഞ്ഞുമോളും നിജാസും രക്ഷപ്പെട്ട കാർ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊട്ടാരക്കര ഭാഗത്തു നിന്ന് കാർ കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഗിരീഷിൽ നിന്നും തട്ടിയെടുത്ത പണത്തിന്‍റെ ഒരു വിഹിതവും കാറിൽ നിന്ന് ലഭിച്ചു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. പ്രതികൾക്ക് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം