ആഴക്കടലിൽ പാറയിടുക്കുകളിലാണ് ക്ലാത്തിയെ ആദ്യം കണ്ടുവന്നിരുന്നതെങ്കിൽ, സുനാമിക്ക് ശേഷം ഇവ തീരത്തോട് അടുത്തുവന്നതും സുലഭമായി ലഭിക്കാൻ കാരണമായിട്ടുണ്ട്.
കൊച്ചി: അധികമാരും ശ്രദ്ധിക്കാതിരുന്ന ക്ലാത്തി മീനാണ് (Klathy Fish) ഇപ്പോൾ അടുക്കളയിൽ താരം. കിലോഗ്രാമിന് 80 രൂപമുതൽ 120 രൂവരെ വില വരുന്ന ക്ലാത്തി ഇപ്പോൾ മത്സ്യബന്ധന ബോട്ടുകൾക്ക് (Fishing boat) സുലഭമായി ലഭിക്കുന്ന ഒന്നാണ്. കട്ടിയേറിയ തൊലിയാണെങ്കിലും ഇവ നീക്കിയാണ് വിൽപ്പനയ്ക്കെത്തുന്നത് എന്നതും ക്ലാത്തിയെ പ്രിയങ്കരിയാക്കുന്നു. തൊലിയുടെ കാഠിന്യം മാത്രമല്ല, മുള്ളിനും കട്ടികൂടുതലാണ്. എങ്കിലും രുചി ഒട്ടും കുറവില്ലെന്നാണ് കഴിച്ചവരുടെ വാക്കുകൾ.
ആഴക്കടലിൽ പാറയിടുക്കുകളിലാണ് ക്ലാത്തിയെ ആദ്യം കണ്ടുവന്നിരുന്നതെങ്കിൽ, സുനാമിക്ക് ശേഷം ഇവ തീരത്തോട് അടുത്തുവന്നതും സുലഭമായി ലഭിക്കാൻ കാരണമായിട്ടുണ്ട്. കറുപ്പ്, മഞ്ഞ, വെള്ള നിറത്തിലും ഇവ കണ്ടുവരുന്നുണ്ട്. നേരത്തേ കന്യാകുമാരി തീരത്തുനിന്നാണ് ക്ലാത്തിയെ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ കേരള തീരത്തും ലഭ്യം.
Read More: ആയിരം രൂപയുടെ മീനിന് വില 200, അയക്കൂറയും ആവോലിയും സുലഭം; മീനിന് റെക്കോര്‍ഡ് വിലത്തകർച്ച
അതേസമം ഇപ്പോൾ മീനിന്റെ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് മാർക്കറ്റുകളിൽ അയക്കൂറയും ആവോലിയുമുൾപ്പെടെയുള്ള മീനുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ റെക്കോര്‍ഡ് വിലത്തകർച്ചയാണ്.
കിലോക്ക് ആയിരം രൂപ വരെയുണ്ടായിരുന്ന മീനുകൾ കഴിഞ്ഞ ദിവസം 200ഉം 250ഉം രൂപയ്ക്കാണ് വിറ്റത്. മംഗലാപുരം, ഗോവ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഒരുപോലെ ആവോലിയും അയക്കൂറയും കോഴിക്കോട് മാർക്കറ്റുകളിൽ എത്തിയതാണ് വില ഇടിയാനുള്ള കാരണം.
കൂടാതെ പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ, ചാലിയം തുടങ്ങിയിടങ്ങളിലും മീൻ സുലഭമായി ലഭിച്ചതോടെ വില കുത്തനെ ഇടിഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ വലിയ അയക്കൂറ കിലോയ്ക്ക് 600-700 രൂപ നിരക്കിലായിരുന്നു വിറ്റിരുന്നത്. വിഷുവിന്റെ സമയത്ത് 900 രൂപയ്ക്കായിരുന്നു ഒരു കിലോ അയ്ക്കൂറയ്ക്ക് വില. ഇപ്പോള്‍ 200 രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
തൂത മീനിന് കിലോയ്ക്ക് 60 രൂപ മാത്രമാണ് ഉള്ളത്. ചെറിയ മീനുകള്‍ക്കൊക്കെ വലിയ രീതിയില്‍ വില കുറഞ്ഞിട്ടുണ്ട്. 400 രൂപയ്ക്ക് വിറ്റിരുന്ന ആവോലിക്ക് ഇപ്പോള്‍ 200 രൂപയ്ക്ക് താഴെയാണ് വിലയെന്ന് വ്യാപാരികള്‍ പറഞ്ഞു. മീനിന് വില കുറഞ്ഞതോടെ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.