ചായക്കടയിലെ പരിചയം, പിന്നാലെ വിവാഹം; 6 സെന്‍റ് സ്വന്തമാക്കാൻ ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ 74കാരൻ പിടിയിൽ

By Web Desk  |  First Published Jan 3, 2025, 5:23 AM IST

കൊരട്ടിയിൽ ധാന്യത്തിനെത്തിയ ബാബു ചായക്കടയിൽ വെച്ചാണ് ദേവകിയെ പരിചയപ്പെടുന്നത്. ആദ്യ വിവാഹം മറച്ചുവെച്ചുകൊണ്ടാണ് ബാബു ദേവകിയെ വിവാഹം ചെയ്യുന്നത്.


ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ ഭർത്താവ്  പിടിയിൽ. ആലപ്പുഴ സ്വദേശി ബാബുവാണ് (74) തൃശ്ശൂർ കൊരട്ടി പൊലീസിന്റെ  പിടിയിലായത്. ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുന്നതിനിടെ ഇൻഷുറൻസ് പുതുക്കാൻ ശ്രമിച്ചതാണ് പ്രതിക്ക് കുരുക്കായത്. ഭാര്യ ദേവകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കോട്ടയത്തും മധുരയിലുമായാണ് ബാബു ഒളിവിൽ കഴിഞ്ഞത്.

1990ൽ ആലപ്പുഴയിൽ നിന്ന് കൊരട്ടിയിൽ ധാന്യത്തിനെത്തിയ ബാബു ചായക്കടയിൽ വെച്ചാണ് ദേവകിയെ (35) പരിചയപ്പെടുന്നത്. ചായക്കടക്കാരന്‍റെ സഹോദരിയായിരുന്നു ദേവകി. ആദ്യ വിവാഹം മറച്ചുവെച്ചുകൊണ്ടാണ് ബാബു ദേവകിയെ വിവാഹം ചെയ്യുന്നത്. 2001ലാണ് ബാബു ദേവകിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്ന് സ്ഥലം വിട്ടത്. ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. എട്ടു വർഷം ഒളിവിൽ ആയിരുന്ന പ്രതിയെ  മാരാരിക്കുളം പൊലീസ് 2008 ൽ പിടികൂടി.  എന്നാൽ രണ്ട് വർഷം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും ഒളിവിൽ പോയി.

Latest Videos

മധുര,കോട്ടയം എന്നിവിടങ്ങളിൽ പല പേരുകളിൽ കഴിഞ്ഞ പ്രതി തന്‍റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൃത്യമായി കൈപ്പറ്റി വരുന്നതായി പൊലിസീന് വിവരം ലഭിച്ചു. അപകടത്തിൽ കൈ വിരൽ മുറിഞ്ഞതിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് തുക ഇയാള്‍ക്ക് സ്ഥിരമായി ലഭിച്ചിരുന്നു. ഇത് പുതുക്കാൻ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ദേവകിയുടെ പേരിലുള്ള ആറ് സെന്റ് സ്ഥലം കൈവശപ്പെടുത്തുവാന്‍ കൂടിയാണ് കൊലപ്പെടുത്തിയതെന്ന് ബാബു ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ല, അശ്ലീല ആംഗ്യം കാണിച്ച് അഖിൽ; അമ്മയെ കൊന്നത് ഭക്ഷണം വിളമ്പാൻ വിളിച്ചുവരുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!