കിലോമീറ്ററുകളോളം നീണ്ട ചേസിംഗിന് ഒടുവിൽ പ്രതികൾ വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. എന്നിട്ടും പൊലീസ് വിട്ടില്ല...
മീനങ്ങാടി: കോഴിക്കോട് പേരാമ്പ്രയില്‍ നിന്ന് രണ്ടു പേരെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളിൽ ഒരാളായ കുറ്റ്യാടി പാലേരി സ്വദേശി മുഹമ്മദ് ഇജാസിനെ പിടികൂടിയതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കിലോമീറ്ററുകൾ നീണ്ട ചേസിംഗിനൊടുവിലാണ് പ്രതി ഇജാസിനെ പൊലീസ് പിടികൂടിയത്.
സംഭവം ഇങ്ങനെ
മുന്നിൽ ചുവപ്പ് സ്വിഫ്റ്റ്, പിറകിൽ പൊലീസ് ബൊലേറോ, കിലോമീറ്ററുകളോളം നീണ്ട ചേസിംഗിന് ഒടുവിൽ പ്രതികൾ വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. എന്നിട്ടും പൊലീസ് വിട്ടില്ല. കിഡ്നാപ്പിങ് ടീമിലെ പ്രധാനകണ്ണിയെ പിന്നാലെ പോയി തേടിപിടിക്കുകയായിരുന്നു പൊലീസ്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു തട്ടിക്കൊണ്ടുപോകൽ. മേപ്പയാര്‍ സ്വദേശി മുഹമ്മദ് അസ്ലം, പൈതോത്ത് മെഹ്നാസ് എന്നിവരെയാണ് അപയാപ്പെടുത്തിയത്. രണ്ട് വാഹനങ്ങളിലാണ് പ്രതികൾ എത്തിയത്. വയനാട്ടിലേക്ക് ഇരുവരുമായും കിഡ്നാപ്പിങ് സംഘം എത്തിയത്. നിരവില്‍ പുഴയിലെത്തിയപ്പോള്‍ മെഹ്നാസ് മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ടു. വാഹനം നിർത്തിയതോടെ, മെഹ്നാസ് ബഹളം വച്ചു. ആളുകൾ കൂട്ടം കൂടിയതോടെ, കിഡ്നാപ്പിങ് സംഘം മെഹ്നാസിനെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി ഇയാളെ സുരക്ഷിതനായി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
യാത്ര തുടരുന്നതിനിടെ മീനങ്ങാടി പഞ്ചമി കോളനി ഭാഗത്ത് വെച്ച് മുഹമ്മദ് അസ്ലം കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. പിന്നാലെ മീനങ്ങാടി പൊലിസ് സ്‌റ്റേഷനിലെത്തി. യുവാക്കളെ തട്ടികൊണ്ടു പോയ ചുവന്ന കളര്‍ സ്വിഫ്റ്റ് കാര്‍ ബുധനാഴ്ച രാവിലെ മീനങ്ങാടി സ്റ്റേഷനുമുമ്പിലുടെ കടന്നുപോയപ്പോള്‍ പൊലീസ് പിന്തുടര്‍ന്നു. കിലോമീറ്ററുകളോളം നീണ്ട ചേസിങ്ങിനൊടുവില്‍ പ്രതികള്‍ വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. തുടര്‍ന്ന്, പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളിലൊരാളെ മീനങ്ങാടി കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയെ പിന്നീട് പേരാമ്പ്ര പൊലീസിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം