വെള്ളത്തിന് 70,000 രൂപ, ഇതെന്തൊരു ചതിയാ സാറേ! വിഴിഞ്ഞത്ത് വീട്ടമ്മയുടെ വെള്ളംകുടി മുട്ടിച്ച് വാട്ടർ ബില്ല്

By Web Team  |  First Published Dec 19, 2024, 11:15 AM IST

12 വർഷമായി ഉപയോഗിക്കുന്ന വാട്ടർ കണക്ഷന് 7 മാസം മുൻപ് പുതുതായി മീറ്റർ മാറ്റിസ്ഥാപിച്ച ശേഷമാണ് അധിക തുക വരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.


തിരുവനന്തപുരം: മത്സ്യതൊഴിലാളി കുടുംബത്തെ വെള്ളം കുടിപ്പിച്ച് വാട്ടർ അതോറിറ്റിയുടെ ബില്ല്. വിഴിഞ്ഞം വടു വച്ചാൽ ആലുനിന്ന വിള വീട്ടിൽ റംലാബീവിക്കാണ് 70,000 ലധികം രൂപയുടെ ബില്ല് വന്നത്. ആദ്യം 40,000 ത്തിലധികം രൂപയുടെ ബില്ല് വന്നത് കണ്ട് ഞെട്ടിയ വീട്ടമ്മ വാട്ടർ അതോറിറ്റിയുടെ കാഞ്ഞിരംകുളം സെക്ഷനുമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമായില്ല. തുടർന്ന് അടുത്ത ബില്ല് വന്നപ്പോൾ തുക 70,000 രൂപയോളമായി. 

വീണ്ടും പരാതിയുമായി പോയപ്പോൾ ബില്ല് 37,792 രൂപയായി കുറച്ചു നൽകി. ഈ തുകയും അടയ്ക്കാനില്ലാത്തതിനാൽ കണക്ഷൻ വിഛേദിച്ചതായി റംലാബീവി പറഞ്ഞു. 12 വർഷമായി ഉപയോഗിക്കുന്ന വാട്ടർ കണക്ഷന് 7 മാസം മുൻപ് പുതുതായി മീറ്റർ മാറ്റിസ്ഥാപിച്ച ശേഷമാണ് അധിക തുക വരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. അവസാന ഉപയോഗം 16 യൂണിറ്റിന് 231 രൂപയും അഡീഷണൽ തുകയായ 37,561 രൂപയുടെ ബില്ലുമാണ് അവസാനം ലഭിച്ചത്. 

Latest Videos

undefined

ഇതോടെ മത്സ്യ തൊഴിലാളിയായ കുടുംബത്തിന് കുടിവെള്ളം മുട്ടി. നാലു സ്ത്രീകളടങ്ങുന്ന കുടുംബം നിത്യോപയോഗത്തിനായി വെള്ളത്തിനായി ഇപ്പോൾ സമീപവീടുകളെ ആശ്രയിക്കുകയാണ്. വാട്ടർ ബില്ല് ഇങ്ങനെ വന്നതിന് തങ്ങൾക്ക് എന്ത്  ചെയ്യാനാകുമെന്നും കുടിവെള്ളം പോലും ഇല്ലാതാക്കുന്നത് വലിയ ക്രൂരതയാണെന്നും കുടുംബം പറയുന്നു.

Read More : വേലി തന്നെ വിള തിന്നാലെങ്ങനെയാ! കൈക്കൂലിയായി വാങ്ങിയത് '4 ഫുൾ ബ്രാണ്ടി', എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
 

click me!