കടൽ തീരത്ത് നിന്ന് 20 മീറ്റര്‍ ഉള്ളിലായി കുളിക്കവെയാണ് യുവതി മുങ്ങി താഴ്ന്നത്.
ആലപ്പുഴ: മാരാരിക്കുളം ബീച്ചില്‍ കടലൊഴുക്കില്‍പ്പെട്ട് മുങ്ങി താഴ്ന്ന തന്നെ രക്ഷപ്പെടുത്തിയ കോസ്റ്റല്‍ പൊലീസിനും വാര്‍ഡന്‍മാര്‍ക്കും നന്ദി അറിയിച്ച് പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഐടി ജീവനക്കാരി. ഇത് തന്റെ രണ്ടാം ജന്മാണെന്നും രക്ഷപ്പെടുത്തിയ പൊലീസിന് നന്ദിയെന്നുമാണ് യുവതി പറഞ്ഞത്.
തീരത്ത് നിന്ന് 20 മീറ്റര്‍ ഉള്ളിലായി കടലില്‍ കുളിക്കവെയാണ് യുവതി മുങ്ങി താഴ്ന്നത്. ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റല്‍ പൊലീസും വാര്‍ഡന്മാരും ചേര്‍ന്ന് സാഹസികമായാണ് യുവതിയെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ ബോധരഹിതയായി കമിഴ്ന്നു കിടന്ന യുവതിയെ കരയ്ക്കെത്തിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുകയായിരുന്നു. ബോധം തിരിച്ചു കിട്ടിയതോടെ ആംബുലന്‍സില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ജിഎസ്‌ഐ ആല്‍ബര്‍ട്ട്, സിപിഒ വിപിന്‍ വിജയ്, കോസ്റ്റല്‍ വാര്‍ഡന്‍മാരായ സൈറസ്, ജെറോം, മാര്‍ഷല്‍, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്.
ബംഗാള്‍ സ്വദേശിയായ യുവതി ബംഗളൂരുവിലെ പ്രൊഫെഷണലാണ്. കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെയും യുവതിയുടെ പ്രതികരണത്തിന്റെയും വീഡിയോ ഔദ്യോഗിക പേജിലൂടെ പൊലീസ് പങ്കുവച്ചിട്ടുണ്ട്.
ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി
ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപി നാഗന്‍ (50), സജീവന്‍ (45) എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെ പത്തോടെയാണ് വള്ളം മറിഞ്ഞ് ഇരുവരെയും കാണാതായത്. 301 കോളനിയില്‍ന്നും ആനയിറങ്കല്‍ ഡാമിലുടെ സ്വന്തം വള്ളത്തില്‍ ആനയിറങ്കലിലേക്ക് പോയി അവശ്യസാധനങ്ങള്‍ വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് അപകടം. വള്ളത്തിലുണ്ടായിരുന്ന സജീവനാണ് ആദ്യം ഡാമില്‍ മുങ്ങിയത്. ഗോപി അല്‍പംകൂടി മുന്നോട്ട് തുഴഞ്ഞെങ്കിലും വള്ളം പൂര്‍ണമായും മുങ്ങിപോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി. നാട്ടുകാര്‍ സ്വന്തം വള്ളങ്ങളിലായും തിരച്ചില്‍ നടത്തുന്നുണ്ട്. ഇരുവരെയും കാണാതായ സ്ഥലം ചതുപ്പ് പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ഏറെ ശ്രമകരമാണ്.
യുവതിയെയും മൂന്നു മക്കളെയും കുത്തിക്കൊന്നു; പ്രതി മാസ്‌ക് ധരിച്ചെത്തിയ യുവാവെന്ന് പൊലീസ്