റോഡിന്റെ പകുതിയോളം സ്റ്റേജ്, നടപ്പാത വരെ കസേര, യാത്രക്കാരെ വെട്ടിലാക്കി 'വനിതാ ജം​ഗ്ഷൻ'; കേസെടുക്കാതെ പൊലീസ്

By Web Desk  |  First Published Jan 4, 2025, 11:38 AM IST

ബാലരാമപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വനിതാശാക്തീകരണ പരിപാടിയായ ‘ജ്വാല വനിത ജം​ഗ്ഷൻ വേണ്ടിയാണ്  ഇന്നലെ റോഡിൽ വേദിയൊരുക്കിയത്.


തിരുവനന്തപുരം: ബാലരാമപുരത്ത് നടന്ന സാംസ്ക്കാരിക കൂട്ടായ്മയായ 'വനിതാ ജം​ഗ്ഷൻ പരിപാടി' അക്ഷരാർത്ഥത്തിൽ വഴിയാത്രക്കാരെ വഴിമുട്ടിച്ചിട്ടും കേസെടുക്കാതെ പൊലീസ്. വിഴിഞ്ഞം റോഡിൽ പകുതി ഭാഗം കൈയ്യേറി സ്റ്റേജ് കെട്ടിയതിന് പുറമേ റോഡിന് എതിർവശത്ത് നടപ്പാത വരെ കസേരകൾ ഇട്ടതോടെ കാൽ നട യാത്രക്കാരടക്കമുള്ള സകലരും കുടുങ്ങി. ബാലരാമപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വനിതാശാക്തീകരണ പരിപാടിയായ ‘ജ്വാല വനിത ജം​ഗ്ഷൻ വേണ്ടിയാണ്  ഇന്നലെ റോഡിൽ വേദിയൊരുക്കിയത്. പൊതുവേ ഗതാഗതക്കുരുക്കുള്ള  ജംഗ്ഷനിൽ ഓഫീസ് -സ്കൂൾ വാഹനങ്ങളും എത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

പരിപാടി ഉദ്ഘാടനം ചെയ്തത് റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ഐപിഎസ് ആയിരുന്നു. വനിതകൾ നയിച്ച വിളംബര ജാഥയ്ക്ക് ശേഷം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമില ബീവിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മണിക്കൂറുകൾ നീണ്ടു. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വനിതകളെ ആദരിക്കലും കലാപരിപാടികളും രാത്രി നടത്തത്തിനും ശേഷമാണ് പരിപാടികൾ അവസാനിച്ചത്. ഇതിനിടെ തിരക്കേറിയ ജങ്ഷനിൽ വാഹനങ്ങൾ കടന്നു പോകാൻ വീർപ്പുമുട്ടി.

Latest Videos

ബാലരാമപുരം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം പൊലീസിന്റെ സാന്നിധ്യത്തിലാണ് റോഡ് കയ്യേറി പരിപാടി അരങ്ങേറിയത്. ആഴ്ചകൾക്കു മുൻപ് സിപിഎം പാളയം ഏരിയ സമ്മേളനത്തിന്റെ സമാപന യോഗത്തിന് വഞ്ചിയൂരിൽ റോഡ് അടച്ച് സ്റ്റേജ് കെട്ടിയത് വിവാദമാകുകയും
സിപിഎം പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പൊലീസിന് കേസെടുക്കുകയും ചെയ്തിരുന്നു. എതാണ്ട് സമാനമായ രീതിയിൽ ബാലരാമപുരത്ത് സ്റ്റേജിന് താഴെ നൂറു മീറ്ററോളം ദൂരം കയ്യേറി കസേരയിട്ടാണ് കാഴ്ചക്കാരെ ഇരുത്തിയത്. ഇതിന്റെ ഒരു വശം ബാരിക്കേഡ് വച്ച് ഇവർക്ക് സുരക്ഷയുമൊരുക്കിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. 

സനാതനധർമ്മം അശ്ലീലമെന്നാണ് എംവിഗോവിന്ദൻ പറഞ്ഞത്, അത് അജ്ഞത, കാവി ഉടുത്തവരെല്ലാം RSS അല്ലെന്ന് വിഡി സതീശന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!