മൂന്ന് ക്രയോജനിക് ടാങ്കറുകൾ എറണാകുളത്ത് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

By Web Team  |  First Published May 11, 2021, 12:40 AM IST

തൃപ്പൂണിത്തുറയിൽ സ്വകാര്യ കന്പനിയുടെ കൈവശം ടാങ്കറുകൾ ഉണ്ടെന്ന വിവരം അറിഞ്ഞ് ഉടമകളെ സമീപിച്ചു. പക്ഷേ നൽകിയില്ല. തുടർന്നാണ് ദുരന്ത നിവാരണ നിയമപ്രകാരം വാഹനങ്ങൾ പിടിച്ചെടുത്തത്.


കൊച്ചി: സംസ്ഥാനത്ത് ദ്രാവക ഓക്സിജൻ കൊണ്ടുപോകുന്നതിനായി സ്വകാര്യ കന്പനിയുടെ മൂന്ന് ക്രയോജനിക് ടാങ്കറുകൾ എറണാകുളത്ത് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഓക്സിജൻ നിറക്കുന്നതിനായി മാറ്റങ്ങൾ വരുത്തിയ ശേഷം വാഹനങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറി. ഇതോടെ ചവറയിൽ നിന്നും എറണണാകുളത്തെ വിവിധ ആശുപത്രികളിലേക്ക് ഓക്സിജൻ വേഗത്തിൽ എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സംസ്ഥാനത്ത് ദ്രാവക ഓക്സിജൻ എത്തിക്കാനുള്ള ബുദ്ധിമുട്ട് ഏറെയായിരുന്നു. ബാഷ്പീകരണ സാധ്യതയുള്ളതിനാൽ സാധാരണ ടാങ്കറുകൾ ഇതിനായി ഉപയോഗിക്കാനാകില്ല. ഇതേത്തുടര്‍ന്ന് വടക്കേ ഇന്ത്യയിൽ നിന്നും ക്രയോജനിക് ടാങ്കറുകൾ എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. തൃപ്പൂണിത്തുറയിൽ സ്വകാര്യ കന്പനിയുടെ കൈവശം ടാങ്കറുകൾ ഉണ്ടെന്ന വിവരം അറിഞ്ഞ് ഉടമകളെ സമീപിച്ചു. പക്ഷേ നൽകിയില്ല. തുടർന്നാണ് ദുരന്ത നിവാരണ നിയമപ്രകാരം വാഹനങ്ങൾ പിടിച്ചെടുത്തത്.

Latest Videos

undefined

പിടിച്ചെടുത്ത ടാങ്കറുകൾ നേരിട്ട് ഉപയോഗിക്കാൻ കഴിയില്ല. ടാങ്കറുകളിലെ ഹൈഡ്രോ കാര്‍ബണ്‍ പൂര്‍ണമായും ഒഴിവാക്കണം. ഇതിന് 15 ലക്ഷം രൂപ ചെലവ് വരും. ഇതിനായി പെട്രോനെറ്റ് കന്പനി സിഎസ്ആർ ഫണ്ടിൽ നിന്നും തുക അനുവദിച്ചു. ഹൈദരാബാദിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷമാണ് ഓക്സിജൻ നിറയ്ക്കാനുള്ള അനുമതി പെസോ നൽകിയത്. ഇന്ന് മുതൽ ചവറ കെഎംഎംഎല്ലിൽ നിന്നും ജില്ലാ ഭരണകൂടം ഓക്സിജൻ ശേഖരിച്ചു തുടങ്ങും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!