ആവശ്യക്കാർക്ക് വാട്സാപ്പിൽ ബന്ധപ്പെടാം, കാറിലോ ബൈക്കിലോ എത്തി 'അതിവേഗ ഡെലിവറി'! ഒടുവിൽ കച്ചവടം കയ്യോടെ പിടിയിൽ

By Web TeamFirst Published Nov 5, 2024, 10:17 PM IST
Highlights

വാട്സാപ്പിലൂടെ ബന്ധപ്പെട്ടാല്‍ എന്‍ഐടി, കട്ടാങ്ങല്‍ ഭാഗത്ത് റോഡരികില്‍ നില്‍ക്കാന്‍ പറഞ്ഞ ശേഷം ബൈക്കിലോ, കാറിലോ അതിവേഗത്തില്‍ എത്തി 'സാധനം' കൈമാറി പോകുന്നതായിരുന്നു ആഷിക്കിൻ്റെ രീതി

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ എം ഡി എം എ വില്‍പന പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി. ഓമശ്ശേരി സ്വദേശി മൂലങ്ങല്‍ പൂതൊടികയില്‍ ഹൗസില്‍ ആഷിക്ക് അലി (24) യാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 4.25 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. കള്ളന്‍തോട് ബസാറിന് സമീപത്തുവെച്ചാണ് ആഷിക്കിനെ പിടികൂടിയത്. ആവശ്യക്കാര്‍ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാല്‍ 'അതിവേഗം ഡെലിവറി' നടത്തുന്ന ലഹരി കച്ചവടത്തിന് കൂടിയാണ് പൊലീസ് ഇതോടെ പൂട്ടിട്ടത്.

വിശദവിവരങ്ങൾ ഇങ്ങനെ

Latest Videos

എൻ ഐ ടി പരിസരത്തും കട്ടാങ്ങലിലും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും കുന്ദമംഗലം എസ്‌ ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്. പിടിയിലായ ആഷിക്ക് അലി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിക്കാന്‍ പണം കണ്ടെത്താനാണ് എം ഡി എം എ വില്‍പനക്കിറങ്ങിയത്. ആവശ്യക്കാര്‍ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാല്‍ എന്‍ ഐ ടി, കട്ടാങ്ങല്‍ ഭാഗത്ത് റോഡരികില്‍ നില്‍ക്കാന്‍ പറഞ്ഞ് ബൈക്കിലോ, കാറിലോ അതിവേഗത്തില്‍ എത്തി മയക്കുമരുന്ന് കൈമാറി പോകുന്ന രീതിയാണ് ഇയാളുടേത്. കൂടുതല്‍ സംഘാംഗങ്ങളെ പറ്റിയുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഡന്‍സാഫ് എസ്‌ ഐ അബ്ദു റഹ്‌മാന്‍ കെ, ടീം അംഗങ്ങളായ അനീഷ് മൂസ്സേന്‍ വീട്, അഖിലേഷ് കെ, സരുണ്‍ കുമാര്‍ പി കെ, ലതീഷ് എം കെ, ഷിനോജ് എം, അതുല്‍ ഇ വി, അഭിജിത്ത് പി, ദിനീഷ് പികെ, മുഹമ്മദ് മഷ്ഹൂര്‍ കെ എം, കുന്ദമംഗലം സ്റ്റേഷനിലെ എസ്‌ ഐ ബാലക്യഷ്ണന്‍, എ എസ്‌ ഐ ലീന, ബിജേഷ്, ബിജു, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

തലസ്ഥാനത്തടക്കം 115.5 മിമീ വരെ മഴ ലഭിക്കാവുന്ന സാഹചര്യം, മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!