കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറയിൽ നിന്നും 17 കാരിയെ കാണാതായത്
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 17 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അടക്കമുള്ള സംഘം പിടിയിൽ. ചേരമാൻ തുരുത്ത് കടയിൽ വീട്ടിൽ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സൽ (19), സുൽഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറയിൽ നിന്നും 17 കാരിയെ കാണാതായത്. വീട്ടുകാർ കഠിനംകുളം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ തിരൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
വിശദവിവരങ്ങൾ ഇങ്ങനെ
കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ കഠിനംകുളം പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയതായി തിരിച്ചറിഞ്ഞത്. പെരുമാതുറയിൽ നിന്നും ചിറയിൻകീഴ് എത്തിച്ച പെൺകുട്ടിയെ തിരൂരിലേയ്ക്ക് ട്രെയിനിൽ കൊണ്ടുപോവുകയായിരുന്നു. ഇവർ ട്രെയിനിൽ തിരൂർ എത്തിയെന്ന് മനസ്സിലാക്കിയ കഠിനംകുളം പൊലീസ്, തിരൂർ പൊലീസിന്റെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ സംഘം കുട്ടിയുമായി മറ്റൊരു ട്രെയിനിൽ വരുന്ന വഴിക്കാണ് കഠിനംകുളം പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തട്ടിക്കൊണ്ടു പോകലിനടക്കം പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി മുമ്പ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. തുടർന്ന് പ്രതികൾക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം