കൽപ്പറ്റ പുള്ളിയാർമല ഐ ടി എ വിദ്യാർത്ഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു നന്ദു
കൽപ്പറ്റ: വയനാട്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ കനത്തമഴയിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ മരിച്ച 19 വയസുകാരൻ നന്ദുവിന് നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. ഹൃദയം തകർന്ന വേദനയിലും ചങ്ക് പിളർക്കെ മുദ്രാവാക്യം വിളിച്ചാണ് അമ്മ ശ്രീജ മകനെ യാത്രയാക്കിയത്. 'ലാൽസലാം... ലാൽസലാം... ഇല്ലാ... ഇല്ലാ... മരിക്കുന്നില്ല' എന്ന് അമ്മയും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചപ്പോൾ ഏവരുടെയും നൊമ്പരം ഇരട്ടയിയായി. നാടും അമ്മയുടെ ഒപ്പം കടലിരമ്പം കണക്കെ അതേ മുദ്രാവാക്യം ഏറ്റുവിളിച്ചാണ് നന്ദുവിന് യാത്രമൊഴി ഏകിയത്. പനവല്ലിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്ക്കരിച്ചത്. കൽപ്പറ്റ പുള്ളിയാർമല ഐ ടി എ വിദ്യാർത്ഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു നന്ദു. കരഞ്ഞു തളർന്ന് വീഴുമ്പോഴും അമ്മ ശ്രീജ ലാൽ സലാം വിളിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ മഴയെ തുടർന്നുണ്ടായ അപകടത്തിൽ നന്ദുവിന് ജീവൻ നഷ്ടമായത്.
അപ്രതീക്ഷതമായി കഴിഞ്ഞ ശനിയാഴ്ച പെഴ്ത കനത്ത മഴയെ തുടർന്നുണ്ടായ അപകടത്തിലാണ് നന്ദുവിന് ജീവൻ നഷ്ടമായത്. കനത്ത മഴയിലും കാറ്റിലും തെങ്ങ് മറിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19 വയസുകാരൻ നന്ദുവെന്ന ഐ ടി ഐ വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം ഇന്നലെയാണ് വിഫലമായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്. കൽപ്പറ്റ പുളിയാർമലയിലെ ഐ ടി ഐക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് മുകളിലൂടെയായിരുന്നു തെങ്ങ് മറിഞ്ഞുവീണത്. ഈ സമയത്ത് അവിടെ ബസ് കാത്തിരിക്കുകയായിരുന്നു നന്ദു. അപകടത്തിൽ പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിലേക്ക് ഉടനെ തന്നെ എത്തിച്ചിരുന്നു. എന്നാൽ നന്ദുവിന്‍റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
അപകടം നടന്ന ശേഷം നന്ദുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്തുള്ള ബസ് സ്റ്റോപ്പിലെ ചിത്രങ്ങളും ഏവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ബസ് സ്റ്റോപ്പിലെ സീറ്റിൽ നന്ദുവിന്‍റെ ബാഗ് മാത്രമുള്ള ചിത്രങ്ങളാണ് അപകടത്തിന് പിന്നാലെ പുറത്തുവന്നത്. അപകട വാർത്തക്ക് പിന്നാലെ ഏവരുടെയും പ്രാർത്ഥന നന്ദുവിന്‍റെ ജീവൻ രക്ഷിക്കാൻ സാധിക്കണേ എന്നതായിരുന്നു. എന്നാൽ ഏവരെയും വേദനയിലാഴ്ത്തി നന്ദു മരണത്തിന് കീഴടങ്ങുകയായിരുന്നു. നന്ദുവിന്‍റെ ജീവൻ നഷ്ടമായെന്നറിഞ്ഞതോടെ നാടിന് ആ ബസ് സ്റ്റോപ്പും ഒരു നൊമ്പരമായി മാറുകയാണ്.