കട്ടപ്പന ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു, സ്ഥലത്ത് വൻ പ്രതിഷേധം,

By Web Team  |  First Published Dec 20, 2024, 12:46 PM IST

മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്


ഇടുക്കി: കട്ടപ്പന റൂറൽ കോ - ഓപ്പറേറ്റീവ് ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കനത്ത പ്രതിഷേധം. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്ന് സാബു എന്ന നിക്ഷേപകനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ സമരക്കാർ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ്. ബാങ്ക് പ്രസിഡന്‍റിനെയടക്കം അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന് വ്യക്തമാക്കിയ സമരക്കാർ നഗരത്തിൽ ഹർത്താലും പ്രഖ്യാപിച്ചു. കട്ടപ്പന നഗരത്തിൽ ഒരു മണി മുതൽ ഹർത്താൻ പ്രഖ്യാപിച്ചു. ബി ജെ പി - കോൺഗ്രസ് - വ്യാപാരി വ്യവസായി സംയുക്ത ഹർത്താലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, പ്രതിഷേധം

Latest Videos

undefined

ആർ ഡി ഒ സ്ഥലത്തെത്താതെ മൃതദേഹം വിട്ടു നൽകില്ലെന്നും ബാങ്ക് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകില്ലന്നുമുള്ള നിലപാടിലാണ് പ്രതിഷേധക്കാർ. കട്ടപ്പന സി ഐയുമായുള്ള ചർച്ചയിൽ മേഖലയുടെ ചുമതല വഹിക്കുന്ന പീരുമേട് ഡി വൈ എസ് പി സ്ഥലത്തെത്താമെന്ന് പറഞ്ഞെങ്കിലും സമരക്കാർ തൃപ്തരായില്ല. സ്ഥലത്ത് ഇപ്പോഴും വൻ പ്രതിഷേധം തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.

വിശദ വിവരങ്ങൾ ഇങ്ങനെ

ഇടുക്കി കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ സാബു എന്ന നിക്ഷേപകനെയാണ് ഇന്ന് രാവിലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ബാങ്കിന് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ പണം തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് സാബു ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തതെന്നാണ് വ്യക്തമാകുന്നത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്‍റെ പടികള്‍ക്ക് സമീപം മരിച്ച നിലയിൽ സാബുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. സഹകരണ ബാങ്കിൽ സാബു 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാൽ മാസംതോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നു. എന്നാൽ, ഇന്നലെ ഭാര്യയുടെ ചികിത്സാര്‍ത്ഥമാണ് സാബു കൂടുതൽ തുക ആവശ്യപ്പെട്ട് ബാങ്കിലെത്തിയത്. തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു. പണം ലഭിക്കാതെ മടങ്ങിയ സാബുവിനെ ഇന്ന് രാവിലെ ബാങ്കിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടിൽ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിൽ വരുന്നത്. പ്രതിസന്ധിയിൽ പ്രവര്‍ത്തിക്കുന്ന ബാങ്കാണ്. സാബുവിന്‍റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാൻസിന്‍റെ പോക്കറ്റിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം  ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എല്ലാവരും അറിയാൻ എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് സാബു എഴുതിയിരിക്കുന്നത്. തന്‍റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരുമാണെന്നും ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം നിക്ഷേപിച്ച ബാങ്കിൽ നിന്ന് തന്‍റെ ഭാര്യയുടെ ചികിത്സക്കായി പണം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ അപമാനിച്ചുവെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

അടുക്കളയിൽ പതിവില്ലാത്ത ശബ്ദം, തപ്പി തപ്പി സ്ലാബിനടിയിൽ നോക്കിയപ്പോൾ വമ്പനൊരു രാജവെമ്പാല, പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

click me!