ഫ്രീലാൻസ് ഫോട്ടോഗ്രാഫർ, വാടക വീടെടുത്ത് താമസം; 'പണി'യിൽ സംശയം തോന്നി നീരീക്ഷിച്ചു; പിടിവീണത് ചാരായം വാറ്റിന്

By Web Team  |  First Published Nov 11, 2024, 12:50 PM IST

കഴിഞ്ഞ ഒരാഴ്ചയായി വീടും, പരിസരവും എക്സൈസ് കർശനമായി നിരീക്ഷിക്കുകയായിരുന്നു


മാന്നാർ: വാടക വീട്ടിൽ ചാരായം വാറ്റ് നടത്തിയ ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറെ എക്സൈസ് കയ്യോടെ പിടിയിൽ. മാന്നാർ പഞ്ചായത്ത് ആറാം വാർഡിൽ കുരട്ടിക്കാട് ഭാഗത്ത് വാടകക്ക് താമസിച്ചു വന്നിരുന്ന അമ്പലപ്പുഴ വടക്ക് നീർക്കുന്നം  കൊച്ചുപുരക്കൽ വീട്ടിൽ ഇർഷാദ് മകൻ അബ്ദുൽ മനാഫിനെ (32) 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായാണ് പിടികൂടിയത്.

വാടക വീട്ടിൽ ചാരായം വാറ്റ് നടത്തുന്നതായി എക്സൈസിന് സംശയമുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി വീടും, പരിസരവും എക്സൈസ് കർശനമായി നിരീക്ഷിക്കുകയായിരുന്നു. ശേഷമാണ് വാടക വീട്ടിൽ എക്സൈസ് പരിശോധന നടത്തി ചാരായം വാറ്റിയ കുറ്റത്തിന് മനാഫിനെ പിടികൂടിയത്. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Latest Videos

ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറായി പ്രവർത്തിക്കുന്ന മനാഫ് വൻ തോതിൽ ചാരായം വാറ്റ് നടത്തുകയായിരുന്നു. ഒരു ലിറ്റർ ചാരായത്തിന് 900 രൂപ നിരക്കിൽ ആയിരുന്നു വിൽപ്പന എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെങ്ങന്നൂർ എക്സൈസ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കെ ബിജുവിനൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രിവന്റീവ് ഓഫീസർ ബാബു ഡാനിയൽ (ഗ്രേഡ്) പ്രിവന്റീവ് ഓഫീസർ മാരായ ആർ പ്രകാശ്, വി അരുൺ, ശ്രീജിത്ത്, ഗോകുൽ ഉത്തര നാരായണൻ എന്നിവരാണ് പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ് സംഘം വ്യക്തമാക്കി.

click me!