ആവേശം കൂട്ടി ബേസിലും സൗബിനും, കൂടെ വിനീതിന്‍റെ പാട്ടും; കേരളത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫെസ്റ്റിവലിന് സമാപനം

By Web Desk  |  First Published Jan 5, 2025, 10:13 PM IST

ജനങ്ങള്‍ ഏറ്റെടുത്ത ഉത്സവമാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റെന്ന് മന്ത്രി


കോഴിക്കോട്: ജനലക്ഷങ്ങളെ സാക്ഷിയാക്കി കേരളത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫെസ്റ്റിവലായ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് സമാപനമായി. അടുത്ത വർഷം മുതല്‍ ലോക സഞ്ചാരികള്‍ കാത്തിരിക്കുന്ന ഉത്സവമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനെ മാറ്റുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സംസ്ഥാന ടൂറിസം വകുപ്പ്, കോഴിക്കോട് ഡിടിപിസി, സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനങ്ങള്‍ ഏറ്റെടുത്ത ഉത്സവമാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റെന്ന് മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ഇതില്‍ പങ്കെടുക്കാനെത്തുന്നത്. ഈ ഐക്യമാണ് ലോകത്തിന് മുന്നില്‍ കേരളത്തിന്‍റെ പെരുമ. അത് തകരില്ലെന്നും തകര്‍ക്കാനാകില്ലെന്നും ബേപ്പൂര്‍ ലോകത്തോട് വിളിച്ചു പറയുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Latest Videos

രണ്ട് ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്ത ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് പരാതിരഹിതമായി നടത്തിയതിന് പൊലീസിനും സംഘാടകര്‍ക്കും മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേകം നന്ദി അറിയിച്ചു. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു. സിനിമാതാരങ്ങളായ ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ സാന്നിദ്ധ്യം കാണികളില്‍ അണമുറിയുന്ന ആവേശം സമ്മാനിച്ചു.

കാഴ്ചയുടെ വിസ്മയം തീര്‍ത്ത ഡ്രോണ്‍ ഷോ സമാപന ദിനത്തിലും ആകര്‍ഷകമായി. തുടര്‍ന്ന് വിനീത് ശ്രീനിവാസന്‍ നയിച്ച ഗാനമേള അക്ഷരാര്‍ത്ഥത്തില്‍ ബേപ്പൂരിനെ പ്രകമ്പനം കൊള്ളിച്ചു. പ്രായഭേദമന്യേ എല്ലാ ജനങ്ങളും സംഗീതത്തിന്‍റെയും താളത്തിന്‍റെയും മാസ്മരികതയില്‍ ആറാടുകയായിരുന്നു. നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും കപ്പലുകള്‍ കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നാവികസേനയുടെ ഐഎന്‍എസ് കബ്ര, കോസ്റ്റ് ഗാര്‍ഡിന്‍റെ ഐസിജിഎസ് അനഘ് എന്നീ കപ്പലുകളാണ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. രാമനാട്ടുകര, ഫറോക്ക് എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ നി്ന്നുള്ള 55 ഭിന്നശേഷി വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കപ്പലുകള്‍ കാണാനെത്തി. മേയര്‍ ബീനാ ഫിലിപ്പ് അവരെ സ്വീകരിച്ച് കപ്പലുകള്‍ ചുറ്റി നടന്നു കാണിക്കാന്‍ കൂടെ പോയി.

ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ചൂണ്ടയിടല്‍ മത്സരവും ആവേശകരമായിരുന്നു. ചൂണ്ടയില്‍ കുരുങ്ങുന്ന മീനിന്‍റെ തൂക്കത്തിനനുസരിച്ച് വിജയിയെ തീരുമാനിച്ച മത്സരത്തില്‍ 970 ഗ്രാമിന്‍റെ മീന്‍ പിടിച്ച് സുഹൈല്‍ ഒന്നാമെത്തി. കഴിഞ്ഞ ഫെസ്റ്റിലെതുമായി തട്ടിച്ചു നോക്കിയാല്‍ ഇക്കുറി ഇരട്ടിയിലധികം പേര്‍ ചൂണ്ടയിടല്‍ മത്സരത്തിനെത്തി.
 
കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷയായ സമാപന സമ്മേളനത്തില്‍ ജില്ലാകളക്ടര്‍ സ്നേഹില്‍ കുമാര്‍, ടൂറിസം വകുപ്പ് അഡി. ഡയറക്ടര്‍(ജനറല്‍) പി വിഷ്ണു രാജ്, എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍,  കെ എം സച്ചിന്‍ദേവ്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ, തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍, ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലാൻഡിംഗ് ഗിയറിൽ തീ, 2 ടയറുകൾ പൊട്ടിത്തെറിച്ചു; 300ഓളം പേരുമായി ടേക്ക്ഓഫിന് മുമ്പ് വിമാനത്തിൽ നാടകീയ നിമിഷങ്ങൾ

ശ്വാസം നിലച്ച് പോയ നിമിഷം; 2 ഹെലികോപ്റ്ററുകൾ നേരെ, 2 എണ്ണം കുറുകെ...; ത്രസിപ്പിച്ച് സാരംഗ്, അത്ഭുത പ്രകടനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!