പരേതനായ തെക്കുഞ്ചേരി തോമസിന്‍റെ വീട്ടിലാണ് ജപ്തി നടപടി തുടരുന്നത്. അസുഖ ബാധിതയായ 67 കാരി അമ്മയും 2 മക്കളുമാണ് വീട്ടിലുള്ളത്.
തൃശൂർ: തൃശൂർ പൂമല പറമ്പായിയിൽ കേരള ബാങ്ക് വീട് ജപ്തി ചെയ്യാല്‍ നടപടി സ്വീകരിച്ചതോടെ നിസ്സഹായരായി കുടുംബം. പരേതനായ തെക്കുഞ്ചേരി തോമസിന്‍റെ വീട്ടിലാണ് ജപ്തി നടപടി തുടരുന്നത്. അസുഖ ബാധിതയായ 67 കാരി അമ്മയും 2 മക്കളുമാണ് വീട്ടിലുള്ളത്. മരിച്ച് പോയ പിതാവ് 10 വർഷം മുമ്പ് എടുത്ത വായ്പാ കുടിശ്ശികയിലാണ് ജപ്തി നടപടിയുമായി കേരള ബാങ്ക് മുന്നോട്ട് പോകുന്നത്.
പലിശയടക്കം 35 ലക്ഷം രൂപയാണ് തിരിച്ചടവുള്ളത്. വീട് വിറ്റ് ബാങ്ക് ബാധ്യത തീർക്കാൻ തയാറെന്ന് അറിയിച്ചിട്ടുണ്ട്. അതിന് സാവകാശം അഭ്യർത്ഥിച്ചിട്ടുണ്ട്. പരേതനായ തോമസ് 7 വ്യക്തികളിൽ നിന്ന് 12 ലക്ഷം വായ്പയും വാങ്ങിയിരുന്നു. പിതാവിന്റെ പെൻഷൻ കിട്ടിയത് ഉൾപ്പടെ 18 ലക്ഷം തിരിച്ചടച്ചു. ഇത് കൂടാതെയാണ് 35 ലക്ഷത്തിന്റെ ബാങ്ക് ബാധ്യതയാണ് കുടുംബത്തിനുള്ളത്. വീട് വിൽക്കാൻ പലിശക്കാർ സമ്മതിക്കുന്നില്ലെന്നാണ് കുടുംബം പറയുന്നത്. കുടുംബത്തെ വഴിയാധാരമാക്കാരുതെന്ന് നാട്ടുകാർ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. അഭിഭാഷക കമ്മീഷൻ, കേരള ബാങ്ക് അഭിഭാഷകൻ, ഓട്ടുപാറ ശാഖാ മാനേജർ എന്നിവരുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്‍ക്കൊടുവില്‍ ജപ്തി നടപടി തൽക്കാലം നിർത്തിവെച്ചു. 23 ന് കോടതിയിൽ റിപ്പോർട്ട് ചെയ്യുമെന്ന് ബാങ്കിന്റെ അഭിഭാഷക അറിയിച്ചു.