കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു; ആനവണ്ടിയുടെ വളയം പിടിച്ച് ചരിത്രത്തിലേയ്ക്ക് കാട്ടാക്കടക്കാരി

By Web Team  |  First Published Nov 24, 2024, 12:33 PM IST

അച്ഛൻ്റെ ശിക്ഷണത്തിൽ തന്നെയാണ് സ്കൂട്ടറും കാറും ലോറിയും ഒക്കെ ഓടിക്കാൻ രാജി പഠിച്ചത്.


തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചരിത്രത്തിലിടം നേടി കാട്ടക്കടക്കാരി. കാട്ടാക്കടയിൽ ടാക്സി ഡ്രൈവറായിരുന്ന രസാലത്തിൻ്റെയും ശാന്തയുടെയും മകളും കാട്ടാക്കട പനയങ്കോട് തരികത്ത് വീട്ടിൽ വെൽഡിംഗ് തൊഴിലാളിയായ ബനാർജിൻ്റെ ഭാര്യയുമായ രാജിയാണ് ആന വണ്ടിയുടെ വളയം പിടിച്ചു ചരിത്രത്തിൽ ഇടം നേടുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെയും ജില്ലയിലെയും കാട്ടാക്കടയിലെയും ആദ്യത്തെയും ആനവണ്ടി വനിതാ ഡ്രൈവറായി രാജി മാറി. 

കുട്ടികാലത്ത് അച്ഛൻ്റെ കാറും പിന്നീട് ലോറിയുമൊക്കെ വീട്ടിൽ കൊണ്ട് വരുമ്പോൾ വാഹനം കഴുകാനും അറ്റകുറ്റ പണിക്കും ഒക്കെ കൂടെക്കൂടി തുടങ്ങിയതാണ് രാജിയ്ക്കും വാഹനങ്ങളോടുള്ള ഇഷ്ടം. ഈ ഇഷ്ടം സ്കൂൾ പഠന കാലത്തും ഡിഗ്രി പഠന കാലത്തുമൊക്കെ തുടരുകയും ചെയ്തു. ഇതിനിടെ, സ്കൂട്ടറും കാറും ലോറിയും ഒക്കെ ഓടിക്കാൻ അച്ഛൻ്റെ ശിക്ഷണത്തിൽ തന്നെ പഠിച്ചു. വാഹനത്തോടുള്ള ഇഷ്ടവും കൂടുതൽ സമയം വാഹനം ഓടിക്കണം എന്ന ആഗ്രഹവും ചെന്നെത്തിയത് ഡ്രൈവിംഗ് സ്കൂൾ പരിശീലകയുടെ വേഷത്തിൽ. അവിടെ നിന്നാണ് ഇപ്പോൾ സർക്കാർ ഔദ്യോ​ഗിക ഡ്രൈവർ വേഷത്തിലേയ്ക്ക് രാജി എത്തിയിരിക്കുന്നത്.

Latest Videos

undefined

ഒന്നര പതിറ്റാണ്ടോളമായി കാട്ടാക്കടയുടെ നിരത്തുകളിൽ രാജി ഡ്രൈവിംഗ് പരിശീലക എന്ന നിലയ്ക്ക് ചിരപരിചിതയാണ്. എപ്പോഴും കാറിൽ പ്രായഭേദമന്യേ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നവർക്ക് നിർദേശങ്ങളും ഉപദേശങ്ങളും നൽകി പോകുന്ന രാജിയെ അറിയാത്തവരില്ല. എന്നാൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.50ന് കാട്ടാക്കടയിൽ നിന്നും കാട്ടാക്കട പ്ലാമ്പഴിഞ്ഞി കന്നി റൂട്ടിൽ കണ്ടക്ടർ അശ്വതി ഡബിൾ ബല്ലടിച്ചു ആദ്യ ട്രിപ്പ് ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുമ്പോൾ R N E 959 വേണാട് ബസിലെ യാത്രക്കാർക്കും സ്റ്റാൻഡിൽ ഇതേ ബസിന് സമീപത്ത് ഉണ്ടായിരുന്ന മറ്റു ബസിലെയും സ്റ്റാൻഡിൽ കാത്തു നിന്ന യാത്രക്കാർക്കുമൊക്കെ കൗതുകമായി ഡ്രൈവിംഗ് സീറ്റിലെ വനിത. ഇതേ സ്ഥിതി തന്നെയായിരുന്നു നിരത്തിലുടനീളം. ആനവണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ വനിതയാണെന്ന് കണ്ട ആളുകൾ കൈകാണിച്ചു പ്രോത്സാഹിപ്പിച്ചു, ചിലർ ഉച്ചത്തിൽ വിളിച്ച് ആശംസയും ഉപദേശവും നൽകി. 

ഉച്ചക്ക് 1.50ന് പുറപ്പെട്ട ബസ് തുടർന്ന് 3 മണിക്ക് കോട്ടൂർ, കിക്ക്മ, നെയ്യാർ ഡാം, കാട്ടാക്കട, 4.40 പാപ്പനം സർക്കുലർ, 5.30 പന്നിയോട് സർക്കുലർ, 6.45 കോട്ടൂർ കാട്ടാക്കട, 8.10 കോട്ടൂർ കാട്ടാക്കട എന്നിങ്ങനെ രാത്രി പത്തോടെ ആദ്യ ഡ്യൂട്ടി അവസാനിക്കുമ്പോൾ ആദ്യ ദിനത്തിൽ 150 കിലോ മീറ്ററാണ് രാജി വാഹനം ഓടിച്ചത്. ആദ്യ യാത്രയും കെഎസ്ആർടിസി ഡ്രൈവിം​ഗും ഒരു പ്രത്യേക അനുഭവമായി മാറിയെന്ന് രാജി പറഞ്ഞു.

READ MORE: ഇന്ത്യയിൽ ഒറ്റ ദിവസം എണ്ണിയത് 64 കോടി വോട്ടുകൾ, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല; പ്രശംസിച്ച് എലോൺ മസ്ക്

click me!