ലോക്ക്ഡൌണ്‍:കന്നട ദമ്പതികള്‍ക്ക് ചെങ്ങന്നൂരില്‍ കൈത്താങ്ങായി 'ഓപ്പറേഷന്‍ ലൌ'

By Web Team  |  First Published Jun 4, 2020, 11:12 PM IST

പാലക്കാട്ടുള്ള ബന്ധുക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് മാർച്ച് ആദ്യവാരത്തിൽ ഇരുവരും ചെങ്ങന്നൂരിലേക്ക് തിരിച്ചത്. ഇതിനായി മകളെയും മകനെയും അടുത്ത ബന്ധുവിന്‍റെ സംരക്ഷണത്തിലാക്കി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവരുടെ ഭക്ഷണവും താമസവും പ്രതിസന്ധിയിലായി.


ചെങ്ങന്നൂർ: ലോക്ക്ഡൌണ്‍ കാരണം തെരുവില്‍ കഴിയേണ്ടി വന്ന കന്നട ദമ്പതികളെ ഒന്നരമാസത്തെ ചികിത്സയ്ക്കും പരിചരണത്തിനും ശേഷം നാട്ടിലേക്ക് തിരികെ അയച്ചു. കൂലിപ്പണി ചെയ്ത് നിത്യവൃത്തിക്കായി പണം കണ്ടെത്തിയിരുന്ന ഇവരെ ചെങ്ങന്നൂരിലെ സ്നേഹക്കൂട്ടായ്മയാണ് ഓപ്പറേഷന്‍ ലൌവ്വിലൂടെ കണ്ടെത്തിയത്. ബെംഗളുരു ചിക്കബലാപുര സ്വദേശികളായ സൂര്യ നാരായണ (48) ഭാര്യ രമണമ്മ (38) എന്നിവർക്കാണ് കൂട്ടായ്മ ലോക്ക്ഡൌണ്‍ കാലത്ത് സഹായമായത്.  കൂലിവേലയും ആക്രി സാധനങ്ങൾ പെറുക്കി വിറ്റുമാണ് ജീവിച്ചിരുന്നത്. 

ബെംഗളുരുവിൽ വച്ച് ഉണ്ടായ അപകടത്തിൽ സൂര്യനാരണയ്ക്ക് കാലിനും തലയ്ക്കും പരിക്കേറ്റിരുന്നു. കേരളത്തിൽ എത്തി കൂലിവേല ചെയ്താല്‍  ജീവിതം മുന്നോട്ടു കൊണ്ടു പോകാം എന്ന് പാലക്കാട്ടുള്ള ബന്ധുക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് മാർച്ച് ആദ്യവാരത്തിൽ ഇരുവരും ചെങ്ങന്നൂരിലേക്ക് തിരിച്ചത്. ഇതിനായി മകളെയും മകനെയും അടുത്ത ബന്ധുവിന്‍റെ സംരക്ഷണത്തിലാക്കി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവരുടെ ഭക്ഷണവും താമസവും പ്രതിസന്ധിയിലായി. സന്നദ്ധ സംഘടനകൾ നൽകിയ ഭക്ഷണമായിരുന്നു ആശ്രയം. പലപ്പോഴും ഭക്ഷണത്തിനായി ഭിക്ഷ യാചിക്കേണ്ടിയും വന്നു. രാത്രിയില്‍ ചെങ്ങന്നൂർ നഗരസഭ ബസ് സ്റ്റാൻഡിൽ കിടന്നിരുന്ന ഇവരെ സജി ചെറിയാൻ എംഎൽഎ യുടെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ ലൗവ് എന്ന പദ്ധതിയില്‍ പുനരധിവസിപ്പിക്കുകയായിരുന്നു. 

Latest Videos

പുലിയൂർ പ്രീമെട്രിക്ക് ഹോസ്റ്റലിലാണ് ഇവരെ താമസിപ്പിച്ചത്. മികച്ച ചികിത്സ ലഭിച്ചതോടെ സൂര്യനാരായണ നടക്കാന്‍ ആവുന്ന സ്ഥിതിയായി. ആരോഗ്യസ്ഥിതി മെച്ചമായതിനെ തുടർന്ന് ഇരുവരും നാട്ടിലേക്ക് തിരികെ പോകുന്നതിനുള്ള ആഗ്രഹം പ്രകിടിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ചെങ്ങന്നൂർ കെഎസ് ആർടിസി ബസ്സ് സ്റ്റാൻഡിൽ ഇരുവർക്കും സജി ചെറിയാൻ എം എൽഎ യുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയപ്പ് നൽകി. മഹാമാരിയുടെ അന്തരീക്ഷം മാറിയാല്‍ ചെങ്ങന്നൂരിൽ ജോലിക്കായി തിരികെയെത്തുമെന്ന് പറഞ്ഞാണ് ഇരുവരും യാത്രയായത്. 
 

click me!