കൊറോണ കാലത്ത് ഓൺലൈൻ പഠനത്തിനായി അച്ഛൻ വാങ്ങി നൽകിയ മൊബൈൽ ഫോണിൽ കുതിരപ്പുറത്തു പോകുന്ന ചത്രപതി ശിവജിയുടെ കാർട്ടൂൺ, അനിമേഷൻ വീഡിയോകൾ കണ്ടാണ് തനിക്കും ഒരു കുതിരയെ വാങ്ങി തരുമോയെന്ന് കാളിദാസ് അച്ഛനോട് ചോദിക്കുന്നത്.
തിരുവനന്തപുരം: കാളിദാസിന്റെ ഉറ്റ ചങ്ങാതിയായി അഭിമന്യു. പാറശാല ഗവ. എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും പാറശ്ശാല തലച്ചാൺവിള പ്രായരക്കൽ വീട്ടിൽ രതീഷ്- രമ്യ ദമ്പതികളുടെ മൂത്ത മകൻ കാളിദാസ് ആർ എന്ന ഏഴു വയസുകാരൻ ഇപ്പൊൾ നാട്ടിലെ താരമാണ്. രണ്ടുവർഷം മുമ്പാണ് കാളിദാസിന് അഭിമന്യു എന്ന കുതിരയെ പിറന്നാൾ സമ്മാനമായി ലഭിക്കുന്നത്. കൊറോണ കാലത്ത് ഓൺലൈൻ പഠനത്തിനായി അച്ഛൻ വാങ്ങി നൽകിയ മൊബൈൽ ഫോണിൽ കുതിരപ്പുറത്തു പോകുന്ന ചത്രപതി ശിവജിയുടെ കാർട്ടൂൺ, അനിമേഷൻ വീഡിയോകൾ കണ്ടാണ് തനിക്കും ഒരു കുതിരയെ വാങ്ങി തരുമോയെന്ന് കാളിദാസ് അച്ഛനോട് ചോദിക്കുന്നത്.
മകൻ്റെ ആഗ്രഹം കേട്ട് കുതിര പ്രേമിയായ രതീഷ് ആദ്യം ഒന്ന് അമ്പരന്നെങ്കിലും കാളിദാസിന് പിറന്നാൾ സമ്മാനമായി കുതിരയെ വാങ്ങി നൽകി. തമിഴ്നാട്ടിൽ നിന്നാണ് രണ്ടു വയസ്സ് പ്രായം ഉണ്ടായിരുന്ന കുതിരയെ രതീഷ് വാങ്ങുന്നത്. വാങ്ങുന്ന സമയം കുതിരക്ക് ഹിന്ദി മാത്രമാണ് വശം. എന്തായാലും കാളിദാസന് ഹിന്ദി വശമില്ല. കുതിരയെ നിയന്ത്രിക്കാൻ ആവശ്യമായ ഹിന്ദി വാക്കുകൾ പഠിച്ച് കാളിദാസൻ അഭിമന്യുവുമായി അടുത്തു. പിതാവ് രതീഷ് തന്നെയാണ് കാളിദാസിനെ കുതിര സവാരി പഠിപ്പിച്ചത്. രണ്ട് വർഷം കൊണ്ട് കുതിരയെ മലയാളത്തിലുള്ള ആജ്ഞകൾ ഇവർ പഠിപ്പിച്ചെടുത്തു. ഇപ്പോൾ കാളിദാസൻ പുറത്ത് കയറിയാൽ അഭ്യമന്യു കൃത്യമായി എത്തിക്കും.
undefined
കാണാതായ യുവതിക്കായി പൊലീസിന്റെ തിരച്ചിൽ; മൃതദേഹം കടൽഭിത്തിയിൽ വന്നടിഞ്ഞു
അവധി ദിവസങ്ങളിലും പറ്റുന്ന മറ്റ് ദിവസങ്ങളിലും രാവിലെ വീടിന് സമീപത്തെ ഗ്രൗണ്ടിൽ കാളിദാസിന് കുതിര സവാരിയിൽ പിതാവ് രതീഷ് പരിശീലനം നൽകുന്നുണ്ട്. കാളിദാസിന് ആഗ്രഹമുള്ള ദിവസങ്ങളിൽ സ്കൂളിൽ അഭിമന്യുവിൻ്റെ പുറത്ത് കേറിയാണ് പോകുന്നത്. കാളിദാസ് സ്കൂളിലെത്തിയ ശേഷം തിരികെ അഭിമന്യുവിനെ രതീഷ് വീട്ടിലേക്ക് കൊണ്ടുവരണം. ഇപ്പോൾ നാലു വയസ്സ് പ്രായമുള്ള അഭിമന്യുവിന് 62 ഇഞ്ച് പൊക്കം ഉള്ളതായി രതീഷ് പറഞ്ഞു. അഭിമന്യുവിന് പുറമേ വീട്ടിൽ ശിവ, പാറു എന്ന് പേരുള്ള മറ്റ് രണ്ടു കുതിരകൾ കൂടി ഉള്ളതായി രതീഷ് പറഞ്ഞു. സ്പെയർപാർട്സ് കട നടത്തുന്ന രതീഷ് മകന് പുറമേ മറ്റുള്ളവർക്കും കുതിര സവാരി പഠിപ്പിക്കാൻ ഒരുങ്ങുകയാണ്.