ഗുജറാത്ത്, ഹിമാചല്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും മൃഗങ്ങളെ എത്തിക്കുന്നതിന് ഡയറക്ടര്‍ ആര്‍ കീര്‍ത്തിയുടെ നേതൃത്വത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്.
തൃശൂര്‍: ഏപ്രില്‍- മെയ് മാസത്തോടെ തൃശൂര്‍ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ പൂര്‍ണമായും പുത്തൂരിലേക്ക് മാറ്റുമെന്ന് മന്ത്രി കെ രാജന്‍.
തിരുവനന്തപുരത്ത് നിന്ന് കാട്ടുപോത്ത് മാര്‍ച്ചോടെ എത്തിക്കും. ഓരോ മൃഗങ്ങളെയും കൊണ്ടുവരുന്നതിന് ടൈം ടേബില്‍ തയ്യാറാക്കിട്ടുണ്ട്. ഗുജറാത്ത്, ഹിമാചല്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും മൃഗങ്ങളെ എത്തിക്കുന്നതിന് ഡയറക്ടര്‍ ആര്‍ കീര്‍ത്തിയുടെ നേതൃത്വത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്.
'ഇന്ത്യക്ക് അകത്തുനിന്നും പരമാവധി മൃഗങ്ങളെ കൊണ്ടുവരാന്‍ നടപടിക്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. താല്‍പര്യപത്രം ക്ഷണിച്ച് കരാര്‍ ഒപ്പിട്ട് രാജ്യത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളില്‍ ആദ്യം ജൂണോടെ അനക്കോണ്ടയെയാണ് എത്തിക്കുക. തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി മറ്റ് മൃഗങ്ങളെയും എത്തിക്കും. ഓസ്ട്രേലിയയില്‍ നിന്നും കങ്കാരുവിനെ എത്തിക്കുന്നതിന് ചര്‍ച്ച നടത്തി.' 2024 അവസാനത്തോടെ തന്നെ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി പൂര്‍ണമായി തുറന്നു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ചന്ദനക്കുന്ന് 75 ഏക്കര്‍ ഉപയോഗപ്പെടുത്തി സവാരി പാര്‍ക്ക് സജ്ജമാക്കുന്നതിനുള്ള ഡിപിആര്‍ തയ്യാറാക്കുന്ന നടപടിയിലേക്ക് കടന്നതായും മന്ത്രി അറിയിച്ചു.
2024ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കായി പുത്തൂര്‍ മാറും. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാല എന്ന സവിശേഷതയും പുത്തൂരിനുണ്ട്. 350 ഏക്കറില്‍ 300 കോടി രൂപ ചെലവിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര രംഗത്തെ കുതിപ്പിന് പുത്തന്‍ കരുത്തായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മാറുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കിഫ്ബി ധനസഹായത്തോടെ 360 കോടി രൂപ ചെലവില്‍ 2019ലാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചത്.