അപ്പോഴേക്കും വിധി ജെൻസണേയും തട്ടിയെടുത്തു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം വിവാഹനിശ്ചയം നടത്തുകയും വിവാഹം അടുക്കെ ഉരുളിൽ മാതാപിതാക്കളും അനിയത്തിയും ശ്രുതിക്ക് നഷ്ടപ്പെടുകയുമായിരുന്നു.
കൽപ്പറ്റ: എന്തുവന്നാലും ശ്രുതിക്കൊപ്പം കട്ടക്ക് നിൽക്കുമെന്നും ഇവൾക്കായൊരു വീട് തന്റേയും സ്വപ്നമാണെന്ന ജെൻസൻ്റെ വാക്കുകൾ നോവാകുന്നു. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവൾക്കാരാണുള്ളതെന്നും വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ ചേർത്തുനിർത്തി ജെൻസൺ പറഞ്ഞിട്ട് ഒരു മാസമേ ആയുള്ളൂ. അപ്പോഴേക്കും വിധി ജെൻസണേയും തട്ടിയെടുത്തു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം വിവാഹനിശ്ചയം നടത്തുകയും വിവാഹ തിയ്യതി അടുത്തിരിക്കെ ശ്രുതിക്ക് ഉരുളിൽ മാതാപിതാക്കളേയും അനിയത്തിയേയും നഷ്ടപ്പെടുകയുമായിരുന്നു. ശ്രുതിയുടെ വീടും കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും ഉരുൾപൊട്ടലിൽ നഷ്ടമായി.
ക്യാമ്പിന്റെ മൂലയിൽ എല്ലാം നഷ്ടപ്പെട്ട് ശ്രുതി കഴിയുമ്പോൾ ഏക ആശ്രയം ജെൻസണ്‍ മാത്രമായിരുന്നു. ഉറക്കം നഷ്ടപ്പെട്ട ശ്രുതിയ്ക്ക് കൗൺസലിംഗ് കൊടുക്കുന്നതിനുൾപ്പെടെ ജെൻസണായിരുന്നു മുൻകൈ എടുത്തത്. ജെൻസണ്‍ എപ്പോഴും ക്യാമ്പിലെത്തുകയും ശ്രുതിയ്ക്ക് കരുത്തായി കൂട്ടിരിക്കുകയുമായിരുന്നു. എന്തുവന്നാലും ശ്രുതിക്കൊപ്പം കട്ടക്ക് നിൽക്കുമെന്നും ഇവൾക്കായൊരു വീട് തന്റേയും സ്വപ്നമാണെന്നും ജെൻസണ്‍ അന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ദുരന്തമുണ്ടായി മാസം പിന്നിടുമ്പോൾ ശ്രുതിയെ തനിച്ചാക്കി ജെൻസണും പോയെന്നതാണ് ഏറെ നൊമ്പരപ്പെടുത്തുന്ന കാര്യം. അതേസമയം, ജെൻസന്റെ മരണവാർത്ത ഇതുവരെ ശ്രുതിയെ അറിയിച്ചിട്ടില്ല. കാലിന് പരിക്കേറ്റ് ചികിത്സയിലുള്ള ശ്രുതിയെ എങ്ങനെ വിവരമറിയിക്കുമെന്ന ചിന്തയിലാണ് കുടുംബക്കാരും നാട്ടുകാരും.
വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസണ്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. രാത്രി 8.52ഓടെയാണ് ആശുപത്രി അധികൃതർ ജെൻസൻ്റെ മരണം സ്ഥിരീകരിച്ചത്. ജെൻസെൻ്റെ പോസ്റ്റ്മോർട്ടം ബത്തേരി താലൂക്ക് ആശുപത്രിയിൽ വച്ച് നാളെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൺ. ജെണ്‍സൻ്റെ ആരോഗ്യനില ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. വെൻ്റിലേറ്ററിൽ തുടരുന്ന ജെൻസണ് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. എന്നാൽഎല്ലാ പ്രതീക്ഷകളും ബാക്കിയാക്കി ജെൻസണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരടക്കം വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്. ബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്.
ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം. ഒറ്റക്കായി പോയ ശ്രുതിയെ ജെൻസണ്‍ കൈപിടിച്ച് ഒപ്പം ചേർത്ത് നിർത്തുകയായിരുന്നു. ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുമ്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ശ്രുതിയ്ക്ക് നേരിടേണ്ടി വരുന്നത്.
പ്രാർത്ഥനകൾ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു, അപകടമുണ്ടായത് ഇന്നലെ വൈകീട്ട്