എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം.
അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്.
കോട്ടയം: നാട്ടകത്ത് എംസി റോഡിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. ജീപ്പിലുണ്ടായിരുന്ന തൊടുപുഴ സ്വദേശിയായ സനുഷും ബിഹാറിൽ നിന്നുള്ള തൊഴിലാളി കനയയ്യും ആണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുന്ന് പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് എതിരെ വന്ന ജീപ്പ് ഇടിച്ച് കയറുകയായിരുന്നു. ജീപ്പിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ടതാണെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് പുലർച്ചെ ഏറെ നേരം എംസി റോഡിൽ ഗതാഗത കുരുക്കുണ്ടായി. ഫയർ ഫോഴ്സും പൊലീസും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
മരിച്ച രണ്ട് പേരുടേയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പരിക്കേറ്റ മൂന്ന് പേരും മെഡിക്കൽ കോളേജിൽചികിത്സയിലാണ്. സംഭവത്തിൽ ചിങ്ങവനം പൊലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങി.