ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ രോഹിത്ത് കൃഷ്ണയുടെ സഹായത്തോടെയാണ് ജാസിംഖാൻ പരീക്ഷ എഴുതിയത്. 15 വയസ് പ്രായമുണ്ടെങ്കിലും വളർച്ച കുറവും നടക്കാൻ പറ്റാത്ത അവസ്ഥയുമാണ്
തിരുവനന്തപുരം: ആംബുലൻസിൽ എത്തി എസ്എസ്എൽസി പരീക്ഷയെഴുതിയ ജാസിം ഖാന് മികച്ച വിജയം. കണിയാപുരം പള്ളിനട സജീനാമൻസിലിൽ ജാസിംഖാൻ കണിയാപുരം മുസ്‍ലിം ബോയിസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. ഐഎഎസിന് ചേരണമെന്നും കുടുംബത്തെ നല്ല നിലയിൽ എത്തിക്കണമെന്നുമാണ് ജാസിംഖാന്റെ മോഹം. കൈ കാലുകൾ അനക്കാൻ കഴിയാതെയും ശരീരത്തിന്‍റെ താങ്ങാനാകാത്ത വേദനയുടെ സാഹചര്യത്തിലും പരീക്ഷ എഴുതാനായി ജാസിം ഖാനെ വീട്ടുകാർ സ്ട്രക്ച്ചറിൽ കിടത്തിയാണ് ആംബുലൻസിൽ പരീക്ഷയ്ക്ക് എത്തിച്ചത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ രോഹിത്ത് കൃഷ്ണയുടെ സഹായത്തോടെയാണ് ജാസിംഖാൻ പരീക്ഷ എഴുതിയത്. 15 വയസ് പ്രായമുണ്ടെങ്കിലും വളർച്ച കുറവും നടക്കാൻ പറ്റാത്ത അവസ്ഥയുമാണ്. എല്ലുകൾ പൊട്ടി പോകുന്ന അവസ്ഥയും അസഹനീയമായ വേദനയുമാണ്. പിതാവ് സുൽഫീക്കർ പത്തുവർഷം മുമ്പ് അപകടത്തിൽ മരണപ്പെട്ടുപോയി. രണ്ടു പ്രാവശ്യം വെല്ലൂരിൽ ചികിത്സ്ക്കായി കൊണ്ടുപോയി. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നതിനാൽ തുടർ ചികിത്സ തേടാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
undefined
ശരീരവളർച്ച കുറവാണെങ്കിലും നല്ല ബുദ്ധിയും സാമർത്ഥ്യവും കൊണ്ട് ജാസിംഖാൻ വൈകല്യത്തെ തോൽപ്പിച്ച് മുന്നേറുകയാണ്. അതേസമയം, ഇടുക്കിയില്‍ ഇടുപ്പെല്ലിന് ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ആംബുലൻസിനുള്ളിൽ കിടന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതിയ ആൻമേരി പീറ്ററും തിളക്കമാർന്ന വിജയം സ്വന്തമാക്കി. രാമക്കൽമേട് സേക്രഡ് ഹാർട്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ആൻമേരി. എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ആൻമേരി വീട്ടിനുള്ളിൽ വീണത്.
വീഴ്ചയിൽ ആന്‍മേരിയുടെ ഇടുപ്പെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റിരുന്നു. തേനിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൻമേരിയെ അധ്യാപകരുടെ സഹായത്തോടെ പ്രത്യേക ആംബുലൻസിൽ എത്തിച്ചാണ് സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതിച്ചത്. ശാരീരിക അസ്വസ്ഥതകൾ മാറിയതോടെ ആൻമേരി ഇപ്പോൾ വീണ്ടും നടന്നുതുടങ്ങിയിട്ടുണ്ട്. പരീക്ഷ അവസാനിക്കുന്നതുവരെ സ്കൂൾ അധികൃതർ ആൻമേരിക്ക് ആംബുലൻസ് സൗകര്യം ഒരുക്കി നൽകിയിരുന്നു.