കണ്ണൂർ ഇരിട്ടി സ്വദേശി അനീഷ് പെരുമലയന്റെ നേതൃത്വത്തിൽ ചുടല ഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, വിഷ്ണുമൂർത്തി തെയ്യം എന്നിവ അവതരിപ്പിക്കും
തൃശൂർ: പാമ്പാടി ഐവർമഠം ശ്മശാനം മറ്റൊരു ചരിത്ര സന്ദർഭത്തിനു കൂടി സാക്ഷിയാവുന്നു. പാമ്പാടി നിളാതീരത്തെ മഹാശ്മശാനത്തിലെ കളിയാട്ടം 25 ന് ബുധനാഴ്ച വൈകിട്ട് ആറു മുതൽ രാത്രി 12 മണി വരെയായി അരങ്ങേറും. കേരള ഫോക്ലോർ അക്കാദമിയുടെ അംഗീകാരത്തോടെയാണ് സംഘാടനം. ഐവർമഠം പൈതൃക സംസ്കാര സംരക്ഷണ സമിതി തിരുവില്വാമലയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. വൈകിട്ട് ആറിന് ആരംഭിക്കുന്ന ചടങ്ങുകളുടെ ഉദ്ഘാടനം കെ രാധാകൃഷ്ണൻ എം.പി നിർവഹിക്കും.
യു ആർ പ്രദീപ് എംഎൽഎ, ഒറ്റപ്പാലം നിയോജകമണ്ഡലം എംഎൽഎ കെ പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. കളിയാട്ടം പരിപാടിയുടെ ഭാഗമായി ചുടല ഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, വിഷ്ണുമൂർത്തി തെയ്യം എന്നിവ കണ്ണൂർ ഇരിട്ടി സ്വദേശി അനീഷ് പെരുമലയന്റെ നേതൃത്വത്തിൽ അരങ്ങേറും. ഭക്തിയുടെയും കാഴ്ചയുടെയും വിസ്മയം തീർക്കുന്നതാവും കളിയാട്ടമെന്നാണ് സംഘാടകർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം