ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം നൽകി സ്വര്‍ണ്ണാഭരണങ്ങൾ വാങ്ങി മുങ്ങിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ
തിരുവനന്തപുരം: ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം നൽകി സ്വര്‍ണ്ണാഭരണങ്ങൾ വാങ്ങി മുങ്ങിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ. മധ്യപ്രദേശ് ഇൻഡോര്‍ സ്വദേശി അങ്കിത് സോണിയെ ആണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
തിരവനന്തപുരത്തെ പ്രശസ്ത ജ്വല്ലറിയിലെ ജീവനക്കാരെ കബളിപ്പിച്ചാണ് അങ്കിത് സ്വര്‍ണ്ണം കൈക്കലാക്കിയത്. മുക്കുപണ്ടത്തിൽ യഥാര്‍ത്ഥ സ്വര്‍ണ്ണം കൊണ്ടുള്ള കൊളുത്ത് പിടിപ്പിച്ചാണ് പരിശോധനക്കായി നൽകിയത്. ഈ കൊളുത്ത് ഉരച്ചു നോക്കിയ ജീവനക്കാർക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. 21 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണാഭരണം പകരമായി ഇയാൾ വാങ്ങിയെടുക്കുകയും ചെയ്തു.
പ്രതി പോയ ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ജീവനക്കാർ തിരിച്ചറിഞ്ഞത്. ഉച്ചയോടെ ഇതേ ജുവലറിയുടെ കൊല്ലത്തെ ശാഖയിലെത്തി പ്രതി സമാന രീതിയിൽ തട്ടിപ്പിന് ശ്രമിച്ചിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ ജീവനക്കാർ സംശയം പ്രകടിപ്പിച്ചതോടെ പ്രതി കടന്നു കളഞ്ഞു.
തുടർന്ന് പൊലീസിൽ ജുവലറി ജീവനക്കാർ വിവരം അറിയിച്ചു. വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് കരുനാഗപ്പള്ളിയിൽ നിന്നും അങ്കിതിനെ പൊലീസ് പിടികൂടിയത്. 18 ഗ്രാം സ്വര്‍ണാഭരണങ്ങളും നിരവധി മുക്കുപണ്ടങ്ങളും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. വ്യാജ ആധാർ കാര്‍ഡും പ്രതിയുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
അതേസമയം, നഗരത്തിലെ ബീവറേജസ് കോര്‍പറേഷന്റെ പ്രീമിയം ഔട്ട്ലെറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തി വില കൂടിയ മദ്യക്കുപ്പികള്‍ സ്ഥിരമായി മോഷ്ടിക്കുന്ന പ്രതി അറസ്റ്റിലായി. മുട്ടിൽ സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. വിവിധ ദിവസങ്ങളിലായി ഹെല്‍മറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഔട്ട്ലെറ്റിലെ ജീവനക്കാര്‍ കല്‍പ്പറ്റ പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ ഒരു മാസമായി സ്റ്റോക്കെടുക്കുമ്പോള്‍ വില കൂടിയ ചില ബ്രാന്‍ഡ് മദ്യങ്ങള്‍ കാണാതാവുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇക്കാര്യം പരിശോധിച്ചെങ്കിലും മോഷണം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഔട്ട്ലെറ്റിനുള്ളില്‍ ക്യാമറ സൗകര്യങ്ങളും ജീവനക്കാരും കുറവായിരുന്നു. ഇതിന് പരിഹാരമായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും കൂടുതല്‍ ക്യാമറകള്‍ പുതിയതായി സ്ഥാപിക്കുകയും ചെയ്തതോടെയാണ് മോഷണം നടന്നതായി വ്യക്തമായതെന്ന് ഔട്ട്ലെറ്റ് അധികൃതര്‍ പറഞ്ഞു. പതിവായി ഹെല്‍മറ്റും കോട്ടും ധരിച്ചാണ് മദ്യം മോഷ്ടിക്കാനായി പ്രതി എത്തിയിരുന്നത്.