ഓട്ടോയിൽ കളിക്കവെ അബദ്ധത്തിൽ മുന്നോട്ട് നീങ്ങി അപകടം; രാത്രി ഉപ്പയുടെ മുറിയിലെത്തി 'സമ്പാദ്യം' കൈമാറി, കൈയ്യടി

By Web Team  |  First Published Aug 9, 2023, 10:34 PM IST

സമ്പാദ്യക്കുടുക്ക ഉപ്പയുടെ കൈയിൽ ഏൽപിച്ചിട്ട് പറഞ്ഞു, താൻ കാരണം മറിഞ്ഞ വാഹനത്തിന്റെ കേടുപാടുകൾ മാറ്റണം. അതു പറയുമ്പോൾ അവന്റെ ഉള്ളം നിറഞ്ഞിരുന്നു


മലപ്പുറം: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ താൻ കാരണം മറിഞ്ഞ് നാശനഷ്ടം സംഭവിച്ചത് നികത്താനായി സ്വരൂക്കുട്ടിവെച്ച പണം മുഴുവൻ പിതാവിനെ ഏൽപ്പിച്ച കൊച്ചു മിടുക്കന് കയ്യടി. കഴിഞ്ഞ ദിവസമാണ് കോട്ടക്കൽ അരിച്ചോളിൽ കൊച്ചു മിടുക്കന്റെ മാതൃകാ പ്രവർത്തനം നടന്നത്. ചെട്ടിയാംതൊടി അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് കെൻസ് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയിൽ കയറിയതിന് പിന്നാലെ അബദ്ധത്തിൽ മുന്നോട്ട് നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വണ്ടി മുന്നോട്ട് നീങ്ങുന്നതിനിടെ കെൻസ് ചാടി രക്ഷപ്പെട്ടിരുന്നു.

വാഹന പരിശോധനയിൽ ടിപ്പർ ലോറിയിലെ 'രഹസ്യ കച്ചവടം' കയ്യോടെ പിടികൂടി, ഡ്രൈവറും ടിപ്പറും അകത്ത്!

Latest Videos

വീട്ടിലുണ്ടായിരുന്ന നാസറിനെ വിവരമറിയിച്ചുവെങ്കിലും വാഹനം താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. പരിക്കേൽക്കാതെ മകൻ രക്ഷപ്പെട്ടല്ലോയെന്ന ആശ്വാസത്തിലായിരുന്നു വീട്ടുകാർ. എന്നാൽ, കുഞ്ഞു കെൻസിനിത് വലിയ സങ്കടമായി. എന്നും നേരത്തേ കിടന്നുറങ്ങുന്ന കെൻസിന് അന്ന് നേരം ഒരുപാടായിട്ടും ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങാൻ നോക്കുമ്പോഴും പിതാവിന്റെ ഓട്ടോ താഴ്ചയിലേക്ക് മറിയുന്നതും കേടുപാടുകൾ പറ്റിയതുമായിരുന്നു ആ കുഞ്ഞു മനസ്സുനിറയെ. രാത്രി പത്തരയോടെ എണീറ്റ അവൻ സുന്നത്ത് ചടങ്ങിനും അല്ലാതെയുമായി തനിക്ക് കിട്ടിയ പണം ഇട്ടുവെച്ച സമ്പാദ്യക്കുടുക്ക ഉപ്പയുടെ കൈയിൽ ഏൽപിച്ചിട്ട് പറഞ്ഞു, താൻ കാരണം മറിഞ്ഞ വാഹനത്തിന്റെ കേടുപാടുകൾ മാറ്റണം. അതു പറയുമ്പോൾ അവന്റെ ഉള്ളം നിറഞ്ഞിരുന്നു, അതുകേട്ട ഉപ്പ അബ്ദുൽ നാസറിന്റെയും.

കോട്ടക്കൽ ഗോൾഡൻ സ്‌കൂൾ കെ ജി വിദ്യാർഥിയാണ് കെൻസ്. കുഞ്ഞു മനസ്സിലെ നല്ല കാര്യം അറിഞ്ഞതോടെ കെൻസിനെ സ്‌കൂൾ അധ്യാപകർ അനുമോദിച്ചു. ഇത്തരത്തിലുള്ള കാര്യങ്ങൾ കുട്ടികളെല്ലാം മാതൃക ആക്കണമെന്നാണ് കെൻസിനെ അനുമോദിച്ച ചടങ്ങിൽ ഏവരും അഭിപ്രായപ്പെട്ടത്. പിതാവ് അബ്ദുൽ നാസർ ഇതേ സ്‌കൂളിലെ ഡ്രൈവറും മാതാവ് ഷാഹിദ കെ ജി അധ്യാപികയുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!