ഹാര്‍ബറുകളില്‍ മിന്നല്‍ പരിശോധന; ചെറുമത്സ്യങ്ങളെ പിടിച്ചവര്‍ക്കെതിരെ നടപടി

By Web Team  |  First Published Aug 4, 2023, 1:26 AM IST

മുന്നറിയിപ്പ് മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ കാരുണ്യനാഥന്‍, കാരുണ്യ എന്നീ വള്ളങ്ങളാണ് പിടിച്ചെടുത്തത്. 


തൃശൂര്‍: ഹാര്‍ബറുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃത മത്സ്യബന്ധനം നടത്തി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളങ്ങള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തി. അഴീക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമത്സ്യങ്ങള്‍ പിടിച്ച  വള്ളങ്ങളാണ് പിടികൂടിയത്. മുന്നറിയിപ്പ് മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ കാരുണ്യനാഥന്‍, കാരുണ്യ എന്നീ വള്ളങ്ങളാണ് പിടിച്ചെടുത്തത്. 

എറണാകുളം കുമ്പളങ്ങി സ്വദേശി പൊന്നാംപുരക്കല്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കാരുണ്യനാഥന്‍ വള്ളം. 10 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 800 കിലോ അയല ഇനത്തില്‍പ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്. അഴീക്കോട് ഇടിയന്‍ചാല്‍ക്കര സ്വദേശി മുഹമ്മദ് റാഫിയുടെ ഉടമസ്ഥതയിലുള്ള കാരുണ്യ എന്ന വള്ളത്തില്‍ നിന്ന് 600 കിലോ ചെറിയ അയലയും പിടിച്ചെടുത്തു. ജില്ലയിലെ വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും നടത്തിയ മിന്നല്‍ പരിശോധനയിലാണ് വളളങ്ങള്‍ പിടിച്ചെടുത്തത്.

Latest Videos

undefined

ഭക്ഷ്യയോഗ്യമായ 58 ഇനം കടല്‍മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യ സമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതിനിടയിലാണ് വള്ളം പിടികൂടിയത്. ഫിഷറീസ് ഡി.ഡി തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പിഴ സര്‍ക്കാരിലേക്ക് ഈടാക്കും. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ നിക്ഷേപിച്ചു.

അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസി. ഡയറക്ടര്‍ സുലേഖയുടെ നേതൃത്വത്തില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് അഴീക്കോട് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് ചെറുമത്സ്യങ്ങളെ പിടിച്ച വള്ളങ്ങള്‍ പിടിച്ചെടുത്തത്. അശാസ്ത്രീയ മത്സ്യബന്ധന രീതി തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരുംദിവസങ്ങളില്‍ എല്ലാ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും സ്പെഷല്‍ ടാസ്‌ക് സ്‌ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.

 'ഷംസീറിന്റെ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്'; അബ്ദു റബ്ബ്
 

tags
click me!