ഗ്യാപ് റോഡില്‍ അനധികൃത ഖനനം; നാല് കോടി പിഴയിട്ട സബ് കലക്ടറുടെ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറി

By Jansen Malikapuram  |  First Published Jul 5, 2021, 1:27 PM IST

ദേവികുളം സബ് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ഗ്യാപ് റോഡിൽ അനുമതി നല്‍കിയതില്‍ കൂടുതല്‍ പാറ ഖനനം നടത്തിയതായി പറയുന്നു. എന്നാല്‍ അതിന്‍റെ കണക്കുകള്‍ എത്രയെന്ന റിപ്പോര്‍ട്ട് താലൂക്ക് ഓഫീല്‍ ലഭ്യമല്ലെന്നും സബ്കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 


ഇടുക്കി: ഇടുക്കിയില്‍ നിന്ന് അനധികൃതമായി കോടിക്കണക്കിന് രൂപയുടെ പാറ ഖനനം നടത്തിയതായി സബ് കലക്ടറുടെ റിപ്പോര്‍ട്ട്. ഗ്യാപ് റോഡിൽ നിന്നും രണ്ടര ലക്ഷം ക്യുബിക് മീറ്റർ പറ ഖനനം ചെയ്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കടത്തിയതായാണ് സബ് കളക്ടറുടെ റിപ്പോർട്ട്. ഉടുമ്പന്‍ചോല താലൂക്ക് ചിന്നക്കനാല്‍ വില്ലേജില്‍ ഗ്യാപ് റോഡില്‍ നിന്ന് അനുമതി നല്‍കിയതില്‍ കൂടുതല്‍ പാറ ഖനനം ചെയ്തെന്നാണ് സബ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കൊച്ചി-ധനുഷ് കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് ഗ്യാപ് റോഡിലെ അനധികൃത ഖനനം നടന്നത്. സംഭവം വിവാധമായതോടെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം റവന്യു സംഘം അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അന്വേഷണ റിപ്പോർട്ട് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ കളക്ടർക്ക് കൈമാറിയത്. ദേവികുളം ഉടുമ്പന്‍ചോല സർവേയർമാരുടെ സംഘം രണ്ടായി തിരിഞ്ഞാണ് സ്ഥല പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് തയ്യറാക്കിയത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ ജിയോളജി വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സബ് കലക്ടര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. 

Latest Videos

ഒരു കിലോ മീറ്റർ വരുന്ന ഗ്യാപ് റോഡ് രണ്ട് താലൂക്കുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ജൂൺ 16 -നാണ് സംഘത്തെ നിയോഗിച്ചത്. ദേവികുളം സബ് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ഗ്യാപ് റോഡിൽ അനുമതി നല്‍കിയതില്‍ കൂടുതല്‍ പാറ ഖനനം നടത്തിയതായി പറയുന്നു. എന്നാല്‍ അതിന്‍റെ കണക്കുകള്‍ എത്രയെന്ന റിപ്പോര്‍ട്ട് താലൂക്ക് ഓഫീല്‍ ലഭ്യമല്ലെന്നും സബ്കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖനനാനുമതി നല്‍കിയ ഏഴര മീറ്റര്‍ പരിധിയില്‍ നിന്ന് മാത്രം രണ്ടര ലക്ഷം ക്യുബിക് മീറ്റർ പാറ ഖനനം ചെയ്തതായി കണ്ടെത്തിയതായി പറയുന്നു. ഈ റിപ്പോർട്ടാണ് സബ് കളക്ടർ ജില്ലാ കളക്ടർക്ക് കൈമാറിയത്.

 

 

ഇടുക്കി മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ്  നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സബ് കലക്ടറുടെ റിപ്പോര്‍ട്ട്. ഉടുമ്പന്‍ചോല, ദേവികുളം ഭൂരേഖാ തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രസ്തുത സ്ഥലത്ത് നിന്ന് അനുവദിച്ചതില്‍ കൂടുതല്‍ പറ ഖനനം നടത്തിയതായി വ്യക്തമാണെന്ന് ജിയോളജി വകുപ്പിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തഹസില്‍ദാറുടെ റിപ്പോര്‍ട്ട് പ്രകാരം 251289.33m3 (628223.3 എംടി) പാറ ഖനനം നീക്കിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഖനനാനുമതി നല്‍കിയ പ്രദേശത്ത് നിന്നും ഖനനം ചെയ്ത കരിങ്കല്ല് സംബന്ധിച്ച കണക്കുകള്‍ തഹസില്‍ദാറുടെ ലഭ്യമല്ലെന്നും ജിയോളജി വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

തഹസില്‍ദാറുടെ ഓഫീസില്‍ നിന്ന് ലഭ്യമായ കണക്കുകളില്‍ പോലും അനധികൃത ഖനനം നടന്നതായി ജില്ലാ ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃതമായി ഖനനം ചെയ്തു നീക്കിയ (251289.33m)3 (628223.3 എംടി) യുടെ റോയല്‍ടി ഇനത്തില്‍ 1,50,77,359.2 രൂപയും വിലയിനത്തില്‍ 3,01,54,718.4 രൂപയും ചേര്‍ത്ത് 4,52,32,078 രൂപ ഈടാക്കേണ്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ ചട്ടം 106(2) പ്രകാരം ഖനനം ചെയ്തെടുത്ത ധാതുവിന്‍റെ റോയല്‍റ്റിയും വിലയിനത്തില്‍ റോയല്‍റ്റിയുടെ രണ്ടിരട്ടിയും തുകയായി ഇടാക്കണമെന്ന് സബ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഏഴരമീറ്ററിനുള്ളിലാണ് ഖനനാമുമതി നല്‍കിയതെങ്കിലും അതില്‍ കൂടുതല്‍ പ്രദേശത്ത് നിന്നും അനധികൃത ഖനനം നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. റോയല്‍റ്റി അടയ്ക്കാതെ ധാതു പുറത്തേക്ക് കൊണ്ട് പോയിട്ടുണ്ടെങ്കില്‍ ചട്ടം 108(2) പ്രകാരം നടപടി സ്വീകരിക്കണമെന്നും ഖനനം നടന്നത് സര്‍ക്കാര്‍ തരിശില്‍പ്പെട്ട സ്ഥലത്താണെങ്കില്‍ റവന്യൂ വകുപ്പ് സീനിയറേജ് കൂടി ഈടാക്കണമെന്നും സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!