കോഴിക്കോട് 14 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയത് സഹോദരന്‍റെ കൂട്ടുകാരൻ; കണ്ടെത്തിയത് കോയമ്പത്തൂരിൽ

By Web Team  |  First Published Oct 11, 2024, 5:58 PM IST

ഒരാഴ്ച മുന്‍പ് ഡാന്‍സ് ക്ലാസിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടില്‍ ഉപയോഗിച്ചിരുന്ന ഫോണുമായാണ് പതിനാലുകാരി വീടുവിട്ടിറങ്ങിയത്.


കോഴിക്കോട്: തിരുവമ്പാടി സ്വദേശിനിയായ പതിനാലുകാരി വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ സഹോദരന്റെ സുഹൃത്തും ഇടുക്കി സ്വദേശിയുമായ യുവാവ് പിടിയില്‍. പീരുമേട് സ്വദേശി അജയ്(24) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ മുക്കം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. 

പിടിയിലായ അജയ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ് ഡാന്‍സ് ക്ലാസിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടില്‍ ഉപയോഗിച്ചിരുന്ന ഫോണുമായാണ് പതിനാലുകാരി വീടുവിട്ടിറങ്ങിയത്. വസ്ത്രങ്ങളോ പണമോ എടുത്തിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ സഹോദരന്റെ സുഹൃത്തുമൊന്നിച്ച് പോയിരിക്കാം എന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് ആ വഴിക്കും അന്വേഷിച്ചു. 

Latest Videos

പിന്നീട് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കും. മുക്കം എസ്‌ഐ ശ്രീജിത്ത്, വനിതാ എഎസ്‌ഐ മുംതാസ് എന്‍ബി, എഎസ്‌ഐ ജദീര്‍, സിപിഒ അനസ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇരുവരെയും കോയമ്പത്തൂരില്‍ നിന്ന് നാട്ടില്‍ എത്തിച്ചത്.

Read More : ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി, അതേ വീട്ടിൽ ഭർത്താവും മരിച്ച നിലയിൽ
 

click me!