പിടിച്ചെടുത്തതിന് അന്താരാഷ്ട്ര വിപണിയിൽ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
കൊച്ചി : കോടികൾ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് പേരാണ് 14.952 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലുളളത്. പിടിച്ചെടുത്ത ലഹരിയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
അതേ സമയം, വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി വയനാട് കൽപറ്റ ടൗണിൽ നിന്ന് ഒരാളെ പിടികൂടി. മേപ്പാടി, കള്ളാടി, നെല്ലിപ്പറമ്പിൽ വീട്ടിൽ അനിൽ കുമാർ എന്ന അനീസ് (50) നെയാണ് ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജോഷി ജോസിന് കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡ് വ്യാഴാഴ്ച പുലർച്ചയോടെ പിടികൂടിയത്. പിടിയിലായ അനീസിന് വയനാട് ജില്ലയിലും പുറത്തുമായി നിരവധി മോഷണകേസുകളുണ്ട്. ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കൽപറ്റ ടൗണിൽ പുതിയ സ്റ്റാൻഡിന് സമീപം വച്ച് ട്രോളി ബാഗുമായി സംശയാസ്‌പദമായി കണ്ട ഇയാളെ ഡാൻസാഫ് എസ്.ഐ എൻ.വി ഹരീഷ് കുമാറിന്റെയും കൽപറ്റ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം. സജി ഷിനോബിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് 9.58 കിലോ കഞ്ചാവ് കണ്ടെടുക്കുന്നത്.
അനീസിന്‍റെ ട്രോളി ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ലഹരിക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം നടത്തി വരികയാണെന്നും ലഹരി ഉപയോഗം വിൽപ്പന എന്നിവ തടയുന്നതിനാവശ്യമായ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ചു.