പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ കൃത്യവിലോപമാണ് ഇതിന് കാരണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു.
ചിത്രം പ്രതീകാത്മകം
കാട്ടാക്കട: പൂവച്ചൽ- നെട്ടറച്ചിറ റോഡ് നവീകരണത്തിന്റെ ഭാഗമായി വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിര്‍മിച്ചതോടെ വെള്ളം ഒഴുകുന്നത് സ്വകാര്യം വ്യക്തിയുടെ പുരയിടത്തിലേക്ക്. ഓട പഞ്ചായത്ത് തോട്ടിൽ എത്തിക്കാത്തത് കാരണമാണ് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് വെള്ളം ഒഴുകാനിടയായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ കൃത്യവിലോപമാണ് ഇതിന് കാരണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു.
പൊതുമരാമത്ത് റോഡ് സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു അസിസ്റ്റന്റ് എഞ്ചിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി വെള്ളം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ എത്താതിരിക്കാനുള്ള നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിയെ കുറിച്ച് പൊതുമരാമത്ത് ആര്യനാട് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് 2024 ജനുവരി1, ജൂലൈ 5 തീയതികളിൽ പൂവച്ചൽ പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മനസിലാക്കുന്നതായി ഉത്തരവിൽ പറയുന്നു. പൂവച്ചൽ മണക്കാല പുത്തൻ വീട്ടിൽ എം.അബ്ദുൾ അസീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
പൂവച്ചൽ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പൂവച്ചൽ ജംഗ്ഷനിൽ നിന്നും വെള്ളനാട്ടേക്ക് പോകുന്ന റോഡിൽ ഇരുവശത്തുമുള്ള പൊതുമരാമത്ത് ഓടയിൽ നിന്നും പരാതിക്കാരുടെ വസ്തുവിലേക്കാണ് വെള്ളം ഒഴുകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടാത്ത വസ്തുവായതിനാൽ പഞ്ചായത്തിന് യാതൊരു പരിഹാരവും ഇക്കാര്യത്തിൽ ചെയ്യാനാവില്ല. വെള്ളത്തിന്റെ ഒഴുക്ക് കാരണം പരാതിക്കാരുടെ വസ്തുവിന്റെ മണ്ണും മതിലും ഇടിഞ്ഞുപോയിട്ടുണ്ട്. സ്വകാര്യ വസ്തുവിലേക്ക് ഓടയിൽ നിന്നുള്ള വെള്ളം ഒഴുക്കിവിടുന്നത് പരാതിക്ക് കാരണമാകുമെന്ന് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.