ആടുകൾ പേടിച്ച് ചിതറി ഓടിയപ്പോൾ തന്നെ ആക്രമിക്കാൻ വരികയായിരുന്നുവെന്ന് വീട്ടമ്മ പറഞ്ഞു.
കോഴിക്കോട്: ആടിനെ മേയ്ക്കാൻ പുറത്തുപോയ വീട്ടമ്മയ്ക്ക് അജ്ഞാത ജീവിയെ കണ്ട് ഭയന്നോടുന്നതിനിടെ പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൈക്കാട് ഗ്രേസി എന്നയാൾക്കാണ് കൈയ്ക്ക് പരിക്കേറ്റത്. കടുവയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ഇവർ പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം ഉണ്ടായത്.
പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട കൂരിയോട് ഭാഗത്ത് വെച്ചാണ് താൻ കടുവയെ കണ്ടതെന്ന് ഗ്രേസി പറഞ്ഞു. വീടിന് അടുത്തുള്ള പറമ്പിലേക്ക് ആടുകളുമായി പോയപ്പോഴാണ് കടുവ എത്തിയത്. ആടുകൾ പേടിച്ച് ചിതറി ഓടിയപ്പോൾ കടുവ തന്നെ ആക്രമിക്കാൻ വരികയായിരുന്നു. ഭയന്ന് ഓടുന്നതിനിടയിലാണ് കൈയ്ക്ക് പരിക്കേറ്റതെന്നും ഇവർ കൂട്ടിച്ചേർത്തു.
രണ്ടാഴ്ച മുമ്പും പ്രദേശത്ത് അജ്ഞാത ജീവി ആടിനെയും പട്ടിയെയും കടിച്ചു കൊന്നിരുന്നു. കാൽപ്പാടുകൾ പരിശോധിച്ച അധികൃതർ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഫോറസ്റ്റ് അധികൃതർ വിവിധ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. എന്നാൽ ക്യാമറയിൽ ഇതുവരെ ഒന്നും പതിഞ്ഞിട്ടില്ല. കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഗ്രേസിയെ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സന്ദർശിച്ചു. സംഭവം നടന്ന സ്ഥലത്ത് പീടികപ്പാറ ഫോറസ്റ്റ് സെക്ഷനിലെ ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും ക്യാമ്പ് ചെയ്യുന്നുണ്ട്.