വീട്ടിലെ ഫ്യൂസൂരി, കെഎസ്ഇബി ഓഫീസിലെത്തി എഇയുടെ ദേഹത്ത് കറിയൊഴിച്ചു, അറസ്റ്റ്, കണക്ഷൻ വീണ്ടും വിച്ഛേദിച്ചു

By Web TeamFirst Published Jul 6, 2024, 8:01 PM IST
Highlights

യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി യുസി അജ്മലിനെ ആണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിച്ചതിന്റെ പേരില്‍ കെഎസ്ഇ.ബി ഓഫീസില്‍ കയറി അതിക്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി യുസി അജ്മലിനെ ആണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം വീട്ടിലെ കണക്ഷന്‍ വീണ്ടും വിച്ഛേദിച്ചു.

അജ്മലിന്റെ പിതാവായ തിരുവമ്പാടി ഉള്ളാട്ടില്‍ വീട്ടില്‍ റസാക്കിന്റെ പേരിലുള്ള കണ്‍സ്യൂമര്‍ നമ്പര്‍ 15381 ആയിട്ടുള്ള കണക്ഷനാണിത്. കെ.എസ്.ഇ.ബി ഓഫീസിലെ വസ്തുവകകള്‍ നശിപ്പിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ സി.എം.ഡിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് ഇത് സംബന്ധിച്ച് നല്‍കിയ നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്നത്. 

Latest Videos

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കെഎസ്ഇബി തിരുവമ്പാടി സെക്ഷന്‍ ഓഫീസിലെത്തിയ അജ്മല്‍ ബഹളമുണ്ടാക്കുകയും തന്റെ കൈയ്യില്‍ കരുതിയിരുന്ന പഴയ കറി എഇയുടെ ദേഹത്ത് ഒഴിക്കുകയുമായിരുന്നു. സ്ഥാപനത്തിലെ സാധനസാമഗ്രികള്‍ ഉള്‍പ്പെടെ തകര്‍ത്തുവെന്നും കെ.എസ്.ഇ.ബി അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

വൈദ്യുത ബില്ലില്‍ കുടിശ്ശിക വരുത്തിയതിനാലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. പിന്നീട് ബില്ല് അടച്ചതിനെ തുടര്‍ന്ന് ഇന്നലെ കെ.എസ്.ഇ.ബി ജീവനക്കാര്‍ കണക്ഷന്‍ നല്‍കാനായി വീട്ടില്‍ ചെന്ന സമയത്ത് ലൈന്‍ മാനെയും സഹായിയെയും അജ്മല്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന് പരാതിയുണ്ടായിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിരുന്നു. ഇത് വാര്‍ത്തയാവുകയും ചെയ്തു.

ആരാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് അന്വേഷിച്ചാണ് അജ്മല്‍ ഓഫീസില്‍ എത്തിയതെന്ന് അക്രമണത്തിന് ഇരയായ എഇ പറഞ്ഞു. പിന്നീട് ജീവനക്കാരെ അക്രമിക്കുകയും ഓഫീസിലെ വസ്തുക്കള്‍ നശിപ്പിക്കുകയുമായിരുന്നു. അസിസ്റ്റന്റ് എന്‍ജിനീയര്‍ നല്‍കിയ പരാതിയില്‍ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള 132, 351, 3(5) വകുപ്പുകള്‍ ചുമത്തിയാണ് അജ്മലിനെതിരെ കേസെടുത്തിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി: രണ്ട് കേസുകളിലായി രണ്ട് പേർ കാസർകോട് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!