പൊട്ടിപ്പൊളിഞ്ഞ വടക്കേച്ചിറ ബസ് സ്റ്റാന്‍റിന് മോചനം; ഹൈടെക് സൗകര്യങ്ങളോടെ ഹബ് ഉടന്‍

By Web Team  |  First Published Sep 24, 2018, 12:14 PM IST

കരാര്‍ ഒപ്പുവെക്കലും ഭൂമി കൈമാറ്റവും പൂര്‍ത്തിയാക്കി ആദ്യ ഘട്ടങ്ങളിലേക്ക് കടന്നു. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വടക്കേ ബസ് സ്റ്റാന്റ് രാജ്യാന്തര നിലവാരത്തിലുള്ള ബസ് ഹബ് ആയി മാറും


തൃശൂര്‍: വര്‍ഷങ്ങളായി നശിച്ച് കിടന്നിരുന്ന  തൃശ്ശൂര്‍ വടക്കേച്ചിറ ബസ് സ്റ്റാന്‍റിന് ഇനി ഹൈടെക് മുഖം. തൃശൂര്‍ നോര്‍ത്ത് ബസ് ഹബ്ബ് എന്ന സ്വപ്‌നത്തിലേക്ക് നഗരം ആദ്യ ചുവടുവച്ചു.  ആറ് കോടി  ചെലവില്‍ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക് ആണ് തൃശൂരിന്റെ ഹൈടെക് സ്വപ്‌നങ്ങള്‍ക്ക് ചിറക് വയ്പ്പിക്കുന്നത്. 

കരാര്‍ ഒപ്പുവെക്കലും ഭൂമി കൈമാറ്റവും പൂര്‍ത്തിയാക്കി ആദ്യ ഘട്ടങ്ങളിലേക്ക് കടന്നു. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വടക്കേ ബസ് സ്റ്റാന്റ് രാജ്യാന്തര നിലവാരത്തിലുള്ള ബസ് ഹബ് ആയി മാറും. നിലവിലെ സ്റ്റാന്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ കംഫര്‍ട്ട് സ്റ്റേഷനും ആരോഗ്യ ഓഫീസുമെല്ലാം പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചു നീക്കുന്നത് അവസാന ഘട്ടത്തിലെത്തി. 

Latest Videos

പുതിയ സ്റ്റാന്‍റ് നിര്‍മ്മാണം പൂര്‍ത്തിയാവുന്നത് വരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അക്വാട്ടിക് കോംപ്‌ളക്‌സിന് മുന്നില്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ മാര്‍ക്കറ്റിനായി പണി തീര്‍ത്ത കെട്ടിടവും സ്ഥലവും ഉപയോഗപ്പെടുത്താനുള്ള  തിരക്കിട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍. 

ആധുനിക സൗകര്യങ്ങളോടെയാണ് സ്റ്റാന്‍റ്  സജ്ജമാവുക. മഴയും വെയിലുമേറ്റ് യാത്രക്കാര്‍ ബസിനായി പരക്കം പായുന്ന ഇവിടെ മഴ നനയാതെ ബസിലേക്ക് കയറാനും ഇറങ്ങാനും പറ്റുന്ന തരത്തിലാകും മേല്‍ക്കൂര. മെട്രോ സ്റ്റേഷനുകളെ അനുസ്മരിപ്പിക്കുന്നതാകും ഈ മേല്‍ക്കൂരയും ബസ് കയറുന്ന സ്ഥലവും. 

റിസര്‍വേഷന്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകളും ഇവിടെയുണ്ടാകും. ശുചിമുറികള്‍ തുടര്‍ച്ചയായി വൃത്തിയാക്കുന്നതിന് സമാനമായ സംവിധാനവും ഉണ്ടാകും. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി കോര്‍പറേഷനു കൈമാറണമെന്നാണ് കരാര്‍. സാധാരണയായുള്ള സര്‍ക്കാര്‍ പദ്ധതികള്‍പോലെ കൈമാറ്റത്തിനു ശേഷം പരിപാലനമില്ലാതെ നശിച്ചുപോവുന്ന പ്രവണത വടക്കേ സ്റ്റാ്ന്റിന് ഉണ്ടായേക്കില്ല. നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ ഇതിനായുള്ള ബാങ്കിന്റെയും കോര്‍പറേഷന്റെയും രണ്ടു വീതം പ്രതിനിധികളും ഒരു പൊതു അംഗവും ചേര്‍ന്ന കമ്മിറ്റിയും പരിപാലന പദ്ധതിയും തയാറാക്കുന്നുണ്ട്. 

മികച്ച നിലവാരത്തിലുള്ള ഭക്ഷണശാലകള്‍,  വിശ്രമമുറികള്‍, ശുചിമുറികള്‍ തുടങ്ങിയവ ഇതിലുണ്ടാകും. പരിപാലന കമ്മിറ്റി എല്ലാ മാസവും യോഗം ചേര്‍ന്നു പ്രവര്‍ത്തനം  വിലയിരുത്തും. വൃത്തിയാക്കാന്‍ ആധുനിക രീതിയിലുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്.  ഇതിനായി നിയോഗിക്കപ്പെടുന്നവര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. ഇവിടെ വില്‍ക്കുന്ന ഭക്ഷണമടക്കമുള്ള എല്ലാ കാര്യവും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതു ഈ കമ്മിറ്റിയാകും. സ്റ്റാന്റ് കയ്യേറുന്ന ഇപ്പോഴത്തെ ബസുകളുടെ പ്രവണത ഹൈടെക് സ്റ്റാന്റില്‍ അനുവദിക്കില്ല. 

പ്രത്യേക സുരക്ഷാ സംവിധാനവും ഇവിടെയുണ്ടാകും. പ്രത്യേക അക്കൗണ്ടിലേക്കാണ് ബസ് സ്റ്റാന്റില്‍ നിന്ന് കിട്ടുന്ന വാടക അടക്കമുള്ള വരുമാനം എത്തുക. ഈ ഫണ്ടില്‍ നിന്നാണ് അറ്റക്കുറ്റപ്പണികള്‍ക്കായി ഉപയോഗിക്കുക. അറ്റകുറ്റപ്പണിക്കായി സ്ഥിരം സംവിധാനവും ഉണ്ടാകും. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് മാറി, ബസുകളില്‍ ഒന്നിനുപോലും റോഡില്‍ പാര്‍ക്ക് ചെയ്യേണ്ടിവരില്ല. ഒരു വര്‍ഷമാണ് ബാങ്കിന് സമയം അനുവദിച്ചിരിക്കുന്നതെങ്കിലും ആറ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
 

click me!