വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിൽ; വിനോദ സഞ്ചാരികള്‍ പാറക്കെട്ടിൽ കുടുങ്ങി, രക്ഷകരായി അഗ്നിശമന സേന

By Web Team  |  First Published Oct 11, 2024, 9:09 PM IST

കനത്ത മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാറക്കെട്ടിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ അഗ്നിശമന സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള എറണാകുളം സ്വദേശികളായ 15 സഞ്ചാരികളാണ് മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയത്.


തൊടുപുഴ: ഇടുക്കിയിൽ വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിൽ കുടുങ്ങി വിനോദ സഞ്ചാരികള്‍. വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്പോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടെ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികൾ  ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തില്‍ ഒറ്റപ്പെടുകയായിരുന്നു. ഇതോടെ ഭയന്ന സഞ്ചാരികള്‍ സമീപത്തെ പാറയുടെ മുകളിലേക്ക് കയറി ഇവിടെ ഇരിപ്പുറപ്പിക്കുകയായിരുന്നു. 

 വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കനത്ത മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാറക്കെട്ടിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ അഗ്നിശമന സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള എറണാകുളം സ്വദേശികളായ 15 സഞ്ചാരികളെയാണ് അഗ്നി രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തിയത്.  പാറക്കെട്ടിൽ കുടുങ്ങിയവരുടെ  കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍ പുഴയിലെ ഒഴുക്ക് കുറയാത്തതിനാല്‍ ഇവര്‍ക്ക് മറുകരയിലെത്താനായില്ല. 

Latest Videos

undefined

 പുഴയില്‍ കുടുങ്ങിയവര്‍ രക്ഷപെടാന്‍ കയറി നിന്ന പാറയിലൂടെ തന്നെ ഏതാനും ദൂരത്തില്‍ മുകളിലേയ്ക്ക് കയറിയാല്‍ ആനചാടി കുത്തിന് മുകളിലായുള്ള പാലം വഴി പുറമേയെക്കെത്താം. എന്നാല്‍ എറണാകുളം സ്വദേശികളായ സഞ്ചാരികള്‍ക്ക് സ്ഥല പരിചയം ഇല്ലാത്തത് പ്രശ്നമായി. ഇതിനായി സഞ്ചരിക്കേണ്ട വഴി പറഞ്ഞ് നല്‍കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് ശബ്ദം മൂലം വിജയിച്ചില്ല. പിന്നീട് കുത്തിന് മുകള്‍ ഭാഗത്തെ പാലം വഴി നാട്ടുകാര്‍ എത്തി ഇവരെ മറുകര എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അഗ്നിരക്ഷാ സേന എത്തിയാല്‍ മാത്രമേ തങ്ങള്‍ ഇവിടെ നിന്നും നീങ്ങുകയുള്ളൂവെന്ന് ശഠിച്ചു.

തുടർന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.  വൈകിട്ട് ആറ് മണിയോടെ തൊടുപുഴയില്‍ നിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തി. തുടര്‍ന്ന് വഴുക്കലുളള പാറയിലൂടെ വടം കെട്ടി അഗ്‌നിരക്ഷാസേന സഞ്ചാരികളുടെ അടുക്കലെത്തി. ഈ സമയവും പുഴയിലെ വെളളം കുറഞ്ഞില്ല. പിന്നീട് നാട്ടുകാര്‍ രക്ഷപെടുത്താമെന്ന് പറഞ്ഞ അതേ വഴിക്ക് തന്നെ ആനചാടികുത്തിന് മുകളിലെ നടപ്പാലം വഴി മറുകരെയെത്തിച്ചു. വണ്ണപ്പുറം പഞ്ചായത്തിന്റെ അധീനതയിലാണ് ആനചാടി കുത്ത്. ഇവിടെ ഗൈഡുകളെ നിയമിക്കാന്‍ പഞ്ചായത്ത് ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് കാളിയാറില്‍ നിന്ന് പൊലീസും സ്ഥലത്തെത്തിയിരുന്നു. അഗ്‌നിരക്ഷാ ഓഫീസർ പി. ബിജു, കാളിയാര്‍ എസ്.ഐ സിയാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു രക്ഷപ്രവര്‍ത്തനം. 

Read More : കോഴിക്കോട് 14 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയത് സഹോദരന്‍റെ കൂട്ടുകാരൻ; കണ്ടെത്തിയത് കോയമ്പത്തൂരിൽ

click me!