ശബരിമല തീർത്ഥാടകർക്ക് ഇളവുണ്ടെങ്കിലും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ അതി ശക്തമായ മഴയിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കൊട്ടതൊട്ടി മലയിലും ചെന്നീർക്കര പഞ്ചായത്തിലെ ആറാം വാർഡിലും ആണ് ഉരുൾപൊട്ടിയത്. ഇവിടെ വ്യാപക കൃഷി നാശം ഉണ്ടായി. വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ പ്രധാന റോഡുകളിൽ എല്ലാം വെള്ളക്കെട്ട് രൂക്ഷമായിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര രണ്ടു ദിവസത്തേക്ക് കളക്ടർ നിരോധിച്ചു. ശബരിമല തീർത്ഥാടകർക്ക് ഇളവുണ്ടെങ്കിലും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
പത്തനംതിട്ട കുന്നന്താനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ മഴയാണ് പെയ്തത്. അതേസമയം, തിരുവനന്തപുരം ജില്ലയിലും മഴ കനക്കുകയാണ്. ജില്ലയിൽ കളക്ടർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യത ഉണ്ട്.
തമിഴ്നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴിയാണ് ന്യൂനമർദമായി മാറുക. ഇത് പിന്നീട് തീവ്രന്യൂനമർദമായി മാറും.
അതിതീവ്രമഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, തിരുവനന്തപുരത്ത് ഓറഞ്ച്, പൊൻമുടി അടച്ചു