വ്യൂപോയിന്റ് കൂടുതല്‍ സൗകര്യമുള്ളതിനാല്‍ തന്നെ സഞ്ചാരികള്‍ കൂടുതലും തെരഞ്ഞെടുക്കുന്നത് താമരശ്ശേരി ചുരം വഴിയുള്ള യാത്രയാണ്. ഇക്കാരണത്താല്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വൈകുന്നേരം വരെ ചുരത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കല്‍പ്പറ്റ: താമരശ്ശേരി ചുരം വ്യൂപോയിന്റില്‍ ഇപ്പോള്‍ തിരക്കോട് തിരക്കാണ്. ചാറ്റല്‍മഴക്കൊപ്പം എത്തുന്ന കോടമഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനും വ്യൂപോയിന്റില്‍ നിന്ന് താഴേക്കുള്ള കാഴ്ച്ചകള്‍ ആസ്വാദിക്കാനുമാണ് ആളുകളുടെ തിരക്ക്. പുലര്‍കാലത്ത് തന്നെ ചുരം പാതയിലും പരിസരങ്ങളിലുമൊക്കെ കോടമഞ്ഞ് സഞ്ചാരികള്‍ എത്തുന്നുണ്ട്. മിക്ക സമയങ്ങളിലും നൂല്‍മഴ പെയ്യുന്ന ചുരത്തില്‍ കോടമഞ്ഞിറങ്ങിയാല്‍ ഡ്രൈവര്‍മാര്‍ക്ക് ആധിയാണെങ്കിലും ഇതുവഴിയുള്ള യാത്രികര്‍ മഞ്ഞും തണുപ്പും ശരിക്കും ആസ്വാദിക്കുകയാണ്.
ഉച്ചവെയിലിനെ മായ്ച്ച് നില്‍ക്കുന്ന നേര്‍ത്ത മഞ്ഞിന്‍കണങ്ങളുടെ പശ്ചാത്തലത്തിലുള്ള ചുരം വ്യൂപോയിന്റില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ സദാ സമയവും സഞ്ചാരികളുടെ തിരക്കാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരും തെക്കന്‍ ജില്ലക്കാരും വയനാട്ടിലേക്ക് എത്താന്‍ ആശ്രയിക്കുന്നത് പ്രധാനമായും നാടുകാണി, താമരശ്ശേരി ചുരങ്ങളെയാണ്. ഇവയില്‍ തന്നെ കൂടുതല്‍ സുരക്ഷിതമായും നേരിട്ടും വയനാട്ടിലെത്തിപ്പെടാന്‍ കഴിയുന്നത് താമരശ്ശേരി വഴിയാണ്.
വ്യൂപോയിന്റ് കൂടുതല്‍ സൗകര്യമുള്ളതിനാല്‍ തന്നെ സഞ്ചാരികള്‍ കൂടുതലും തെരഞ്ഞെടുക്കുന്നത് താമരശ്ശേരി ചുരം വഴിയുള്ള യാത്രയാണ്. ഇക്കാരണത്താല്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വൈകുന്നേരം വരെ ചുരത്തില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കോടമഞ്ഞ് കാണാനും ക്യമറയില്‍ പകര്‍ത്താനുമെല്ലാം നിരവധിയാളുകളാണ് പുലര്‍ച്ചെ മുതല്‍ തന്നെ ചുരത്തില്‍ എത്തുന്നത്.
വ്യൂപോയിന്റില്‍ കാറുകള്‍ക്ക് പാര്‍ക്കിങ് കുറവായതിനാല്‍ തന്നെ മുകളില്‍ ഗേറ്റും കടന്ന് വാഹനം നിര്‍ത്തി കാല്‍നടയായാണ് പലരും വ്യൂപോയിന്റില്‍ എത്തുന്നത്. കുട്ടികളും സ്ത്രീകളും അടങ്ങിയ കുടുംബങ്ങള്‍ ഏറെ നേരം ചുരംകാഴ്ച്ചകളില്‍ മുഴുകിയതിന് ശേഷമാണ് മടങ്ങുന്നത്. അവധി ദിവസങ്ങളില്‍ ഉള്ള കാഴ്ച്ചക്കാരുടെ ബാഹുല്യത്തിന് പിന്നാലെ ചുരം വ്യൂപോയിന്ററടക്കം പ്ലാസ്റ്റിക് കവറുകള്‍ അടക്കമുള്ള മാലിന്യം കൊണ്ട് നിറയുമെന്ന മറുവശം കൂടിയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം - LIVE