തുടിക്കുന്ന ഹൃദയം, അന്ന് സൂര്യ, ഇന്ന് ഹരി; ജീവിതം തിരിച്ചുകിട്ടിയ സന്തോഷം കേക്ക് മുറിച്ച് പങ്കിട്ട് മടങ്ങി

By Web TeamFirst Published Dec 12, 2023, 11:05 AM IST
Highlights

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ സങ്കീർണതകള്‍ അറിഞ്ഞ സഹോദരങ്ങളാണ് ഹരി നാരായണനും സൂര്യനാരായണനും

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശിയുടെ ഹൃദയം സ്വീകരിച്ച പതിനാറ് വയസുകാരൻ ഹരിനാരായണൻ ആശുപത്രി വിട്ടു. നവംബർ 25 നാണ് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞാണ് ഹരിനാരായണനും കുടുംബവും ആശുപത്രി വിട്ടത്.

വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്താനായതിന്‍റെ സന്തോഷം ഹരിയും സൂര്യയും കേക്ക് മുറിച്ച് പരസ്പരം കൈമാറി. കേരളം ഒറ്റക്കെട്ടായി ഒപ്പം നിന്നതിന്‍റെ മധുരം അവരറിഞ്ഞു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ സങ്കീർണതകള്‍ അറിഞ്ഞ സഹോദരങ്ങളാണ് ഹരി നാരായണനും സൂര്യനാരായണനും. 2021 ലാണ് സൂര്യനാരായണന്‍റെ ഹൃദയ ശസ്ത്രക്രിയ എറണാകുളം ലിസി ആശുപത്രിയിൽ നടന്നത്. ഇക്കഴിഞ്ഞ നവംബർ 25 ന് ഹരിനാരായണനും ശസ്ത്രക്രിയക്ക് വിധേയനായി. മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെൽവിൻ ശേഖറിന്‍റെ ഹൃദയമാണ് ഹരിനാരായണനിൽ ഇന്ന് തുടിക്കുന്നത്.

Latest Videos

മകനെ തിരിച്ച് നൽകിയവരോട് അമ്മ നന്ദിയും കടപ്പാടും അറിയിച്ചു. നമ്മുടെ നാട്ടിൽ അവയവ ദാനത്തിനെതിരെ നടക്കുന്ന തെറ്റായ നീക്കങ്ങള്‍ ജീവിതം തിരിച്ച് പിടിക്കാൻ പോരാടുന്നവർക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന് ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.

കന്യാകുമാരി സ്വദേശിയും സ്റ്റാഫ് നഴ്സുമായ സെൽവിൻ ശേഖറിന്‍റെ ഹൃദയവും വൃക്ക, പാൻക്രിയാസ് ഉൾപ്പടെ ആറ് അവയവങ്ങളാണ് ആറ് വ്യക്തികൾക്ക് പുതുജീവൻ നൽകിയത്. അതീവ ദു:ഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന സ്റ്റാഫ് നഴ്‌സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിച്ചത്. ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് നല്‍കി. 

click me!