
തൃശൂര്‍: മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ തോട്ടത്തില്‍ ലൈനില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധരെ ഹെല്‍ത്ത് സ്‌ക്വാഡ് നേരിട്ടെത്തി വാഹനം ഉള്‍പ്പെടെ പിടികൂടി ഈസ്റ്റ് പൊലീസിന് കൈമാറി. കൊടുങ്ങല്ലൂര്‍ പനങ്ങാട് ദേശത്ത് പഴുവപറമ്പില്‍ വീട്ടില്‍ ഗോപകുമാര്‍, വയനാട് പുല്‍പ്പാടി ദേശത്ത് അറയ്ക്കല്‍ വീട്ടില്‍ അഭിലാഷ് എന്നിവരെയാണ് പൊലീസില്‍ ഏല്‍പിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെയും റിമാൻഡ് ചെയ്ത് വാഹനം കോടതിയിലേക്ക് കൈമാറി.
തൃശൂര്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തി വരുന്ന രാത്രികാല പരിശോധനയ്ക്കിടയിലാണ് ഡിവിഷന്‍ 23 ല്‍ ഇവരെ പിടികൂടിയത്. രാത്രിയില്‍ സ്ഥലത്തെ പൊതുകാനയിലേക്ക് മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായാണ് പ്രതികള്‍ വലയിലായത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി കെ കണ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദിനേശ്, അനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള രാത്രികാല ഹെല്‍ത്ത് സ്‌ക്വാഡാണ് ഇവരെ പൊലീസിന് കൈമാറിയത്.
മേയര്‍ എം കെ വര്‍ഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, ക്ലീന്‍സിറ്റി മാനേജര്‍ സി കെ. അബ്ദുള്‍ നാസര്‍ ഉള്‍പ്പെടെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പ്രതികള്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുപ്പിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. തുടര്‍ന്ന് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും വാഹനം ഓടിച്ചിരുന്ന ആളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും ആര്‍ ടി ഒയ്ക്കും തുടര്‍നടപടി ശക്തിപ്പെടുത്തുന്നതിന് ഡി ജി പിയ്ക്കും കത്ത് നൽകുകയും ചെയ്തു.
പൂങ്കുന്നം താഴത്തുവളപ്പില്‍ വീട്ടില്‍ കനകന്‍ മകന്‍ അനന്ദരാജിന്റെയാണ് വാഹനം. കോര്‍പ്പറേഷന്‍ മാലിന്യമുക്ത പ്രഖ്യാപനം നടത്തി സംസ്ഥാനത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുമ്പോള്‍ ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആപത്താണെന്നും ഇവരെ കണ്ടെത്താന്‍ പൊതുജനങ്ങളും മുന്നോട്ട് വരണമെന്ന് മേയര്‍ എം കെ വര്‍ഗീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam