12,72,831 രൂപ 9 ശതമാനം പലിശ സഹിതം കൃത്യമായി നൽകണം, കൂടെ ഒരു ലക്ഷം; ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് കടുത്ത ശിക്ഷ

By Web Team  |  First Published Nov 12, 2024, 6:58 PM IST

രോഗം മറച്ച് വെച്ചാണ് പോളിസി എടുത്തതെന്നും അതിനാൽ ആനുകൂല്യം നൽകാനാവില്ലെന്നാണ് കമ്പനി പറഞ്ഞത്


മലപ്പുറം: രോഗം മറച്ചുവെച്ച് പോളിസിയെടുത്തുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചതിന് ഉപഭോക്താവിന് ഇൻഷൂറൻസ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി ഉമ്മർ  നൽകിയ പരാതിയിലാണ് ഇൻഷൂറൻസ് തുകയായ 12,72,831 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവ് 20,000 രൂപയും നൽകാൻ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് കമ്പനിക്കെതിരെ കമ്മീഷൻ വിധിച്ചത്.

15200 രൂപയുടെ എൽഇഡി ടിവി അടിച്ചുപോയി, വാറന്‍റിയുണ്ടായിട്ടും മൈൻഡാക്കിയില്ല; ഒടുവിൽ കമ്പനിക്ക് കിട്ടിയ 'പണി'

Latest Videos

undefined

രോഗം മറച്ചുവച്ചാണ് ആരോഗ്യ ഇൻഷൂറൻസ് പോളിസിയെടുത്തത് എന്നായിരുന്നു കമ്പനിയുടെ വാദം. പരാതിക്കാരൻ വൃക്ക സംബന്ധമായ അസുഖത്തിന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലും തൃശൂരിലെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. വെസ്റ്റ് ഫോർട്ട് ആശുപത്രിയിലെ ചികിത്സാരേഖയിൽ രണ്ടു മാസമായി ചികിത്സായുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻഷൂറൻസ് പോളിസിയെടുക്കുമ്പോഴേ രോഗമുണ്ടായിരുന്നു എന്നായിരുന്നു കമ്പനിയുടെ വാദം. രോഗം മറച്ച് വെച്ചാണ് പോളിസി എടുത്തതെന്നും അതിനാൽ ആനുകൂല്യം നൽകാനാവില്ല എന്നും കമ്പനി അറിയിക്കുകയായിരുന്നു.

ചികിത്സാ കാലയളവ് കാണിച്ചതിൽ പിഴവു പറ്റിയതാണെന്ന് കാണിച്ച് ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും അത് പരിഗണിക്കാൻ കമ്പനി തയ്യാറായില്ല. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. രേഖകൾ പരിശോധിച്ച കമ്മീഷൻ ഇൻഷൂറൻസ് കമ്പനിയുടെ നടപടി സേവനത്തിലുള്ള വീഴ്ചയാണെന്ന് കണ്ടെത്തുകയായിരുന്നു. രേഖയിൽ പിഴവുവന്നത് ബന്ധപ്പെട്ട ഡോക്ടർ തിരുത്തിയിട്ടും ഇൻഷൂറൻസ് ആനുകൂല്യം നിഷേധിച്ചത് സേവനത്തിലുള്ള വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി.

ചികിത്സാ ചെലവായ 12,72,831 രൂപ ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഗുരുതരരോഗത്തിന് ചികിത്സാ ചെലവ് നൽകുന്നതിൽ വീഴ്ച വരുത്തിയതിലുണ്ടായ പ്രയാസങ്ങൾ പരിഗണിച്ച് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം നൽകണമെന്ന് കെ മോഹൻദാസ് പ്രസിഡന്റും, പ്രീതിശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!