ചെല്ലാനം മുതൽ ഏഴ് കിലോമീറ്റർ ദൂരത്തിൽ നിലവിൽ ടെട്രാപോഡ് ഉണ്ട്. കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള ഭാഗങ്ങളിൽ കൂടി ടെട്രാപോഡ് വേണമെന്നാണ് ആവശ്യം. ഇവിടങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.
കൊച്ചി: ടെട്രാപോഡ് കടൽഭിത്തി വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ചെല്ലാനത്ത് ഇന്ന് ഹർത്താൽ. ചെല്ലാനം കണ്ണമാലി പ്രദേശത്ത് സമരക്കാർ തീരദേശപാത ഉപരോധിച്ചു.
ചെല്ലാനം മുതൽ പുതിയതോട് വരെ ഏഴ് കിലോമീറ്റർ ദൂരം നിലവിൽ ടെട്രാപോഡ് ഉണ്ട്. ഇവിടെ കടൽക്ഷോഭത്തിന് വലിയ തോതിൽ ആശ്വാസമുണ്ട്. ദീർഘനാളായുള്ള സമരത്തിന്‍റെ ഭാഗമായാണ് ഇവിടെ ടെട്രോപോഡ് വന്നത്. ഇതിന് ശേഷമുള്ള കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള ഭാഗങ്ങളിൽ കൂടി ടെട്രാപോഡ് വേണമെന്നാണ് ആവശ്യം. ഇവിടങ്ങളിൽ ഇത്തവണ കടൽക്ഷോഭത്തിൽ നിരവധി വീടുകളിൽ വെള്ളം കയറുകയും അഞ്ചോളം വീടുകള്‍ തകരുകയും ചെയ്തു.
ഒരു വശത്ത് മാത്രമായി ടെട്രാപോഡ് വരുമ്പോൾ മറുവശത്ത് കടൽക്ഷോഭം രൂക്ഷമാകുന്നുവെന്ന് സമര സമിതി പറയുന്നു. സ്ഥലം എംഎൽഎ ഉള്‍പ്പെടെ പ്രശ്നത്തിൽ ഇടപെടുന്നില്ല എന്നാണ് ആക്ഷേപം. തീരദേശപാത ഉപരോധിച്ചു കൊണ്ടുള്ള ഹർത്താലാണ് ഇന്ന് നടത്തുന്നത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.