പെൺ ഹനുമാൻ കുരങ്ങ് ചാടിയത് കൂട് തുറന്ന് പരീക്ഷണത്തിനിടെ; വിവരം ലഭിച്ചാൽ അറിയിക്കണം, ജാഗ്രതാ നിർദേശം

By Web Team  |  First Published Jun 14, 2023, 10:59 AM IST

മൃഗശാലയിൽ നിന്ന് ചാടിപ്പോയ കുരങ്ങിനെ കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് അധികൃതർ


തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് മൃഗശാല അധികൃതർ. തിരുപ്പതിയിലെ മൃഗശാലയില്‍ നിന്ന്  പുതുതായി എത്തിച്ച രണ്ട് കുരങ്ങുകളില്‍ ഒന്നാണ് ചാടിപ്പോയത്. ഇന്നലെ വൈകിട്ടോടു കൂടിയായിരുന്നു കുരങ്ങ് ചാടിപ്പോയത്. അതിവേഗത്തിൽ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചാടിപ്പോകാൻ കഴിവുള്ളതാണ് ഈ പെൺ ഹനുമാൻ കുരങ്ങ്. അതുകൊണ്ടുതന്നെ കുരങ്ങിനെ തേടിയിറങ്ങുക എന്നത് പ്രയാസമാണെന്ന് മൃഗശാല അധികൃതർ പറയുന്നു.  

പൂക്കളും തളിരിലകളും ഒക്കെയാണ് ഈ കുരങ്ങുകൾ കഴിക്കുന്നത്. അതുകൊണ്ടുതന്നെ വിശക്കുമ്പോൾ കഴിക്കാനായി കുരങ്ങ് വീടുകളുടെ പരിസരങ്ങളിലേക്ക് വരാൻ സാധ്യതയുണ്ട്. അതുപോലെ കാക്കകൾ ശബ്ദമുണ്ടാക്കി കൂട്ടത്തോടെ ആക്രമിക്കാനും സാധ്യതയുണ്ട്. അത്തരം ശബ്ദങ്ങൾ ശ്രദ്ധയിൽ പെടുകയോ വീട്ടു പരിസരത്തേക്ക് എത്തുകയോ ചെയ്താൽ അറിയിക്കണമെന്നാണ് മൃഗശാല അധികൃതർ പങ്കുവയ്ക്കുന്ന വിവരം.  അതേസമയം സംഭവത്തിൽ മൃഗശാലയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Videos

ഇന്നലെ വൈകുന്നേരത്തോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടിയത്. പുതിയതായി എത്തിച്ച പെൺ ഹനുമാൻ കുരങ്ങായിരുന്നു കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്നുവിടുന്ന ചടങ്ങ് നാളെ നടക്കാനിരിക്കെ, അതിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. 

ഇന്നലെ ജീവനക്കാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുതിയതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മൃഗശാല അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. ജീവനക്കാർ മൃഗങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്തു. ഹനുമാൻ കുരങ്ങിന് 15 ദിവസത്തെ ക്വാറന്റൈൻ വേണമെന്ന നിർദ്ദേശവും പാലിച്ചില്ലെന്നാണ് വിവരം. 

Read more:  'പെട്ടെന്ന് ഡിവൈഡറിലേക്ക് കയറുമെന്ന് തോന്നി, ചെറിയ ഗ്യാപ്പുണ്ടായിരുന്നു'; പാലക്കാടെ അപകടത്തെ കുറിച്ച് ഡ്രൈവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് തത്സമയം യൂട്യൂബിൽ കാണാം

click me!