പൂവത്തൂരിലെ പൊതുവിദ്യാലയം പുനർജനിച്ചു; കരുതലും കാവലുമായി നാട്ടുകാർ

By Web Team  |  First Published Jan 29, 2019, 9:07 AM IST

പഠനത്തിന് പുറമെ കുട്ടികള്‍ക്ക് സൗജന്യമായി സ്കേറ്റിംഗ് ക്ലാസും നീന്തല്‍ പരിശീലനവും നല്‍കുന്നുണ്ട്


തിരുവനന്തപുരം: അടച്ച് പൂട്ടാനൊരുങ്ങിയ പൊതുവിദ്യാലയത്തിന് നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് പുതുജീവൻ നൽകി. തിരുവനന്തപുരം പൂവത്തൂര്‍ ഗവണ്‍മെന്‍റ് എല്‍ പി സ്ക്കൂളാണ് നാട്ടുകാര്‍ ചേര്‍ന്ന് നവീകരിച്ചത്. 

കുട്ടികൾക്ക് ഇരിക്കാൻ നല്ലൊരു ബെഞ്ച് പോലുമില്ലാതിരുന്ന ഭൂതകാലത്തിൽ നിന്നാണ് പൂവത്തൂര്‍ സ്കൂളിന്‍റെ ഈ ഉയിർത്തെഴുന്നേൽപ്പ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം മൂലം സ്കൂൾ അടച്ച് പൂട്ടാനിരിക്കെയാണ് നാട്ടുകാരുടെ കൂട്ടായ്മ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.

Latest Videos

വിദ്യാലയത്തെ വീണ്ടെടുത്ത് നാട്ടുകാര്‍ ഹൈടെക് ക്ലാസ്റൂം നിര്‍മ്മിയ്ക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. സ്കൂൾ തങ്ങളുടെ അമ്മയാണെന്നും  അതിന് പുതുജീവൻ നൽകേണ്ടത് നാടിന്‍റെ ആവശ്യമാണെന്നും നാട്ടുകാരനായ രാഹുൽ പറഞ്ഞു.

പ്രധാന മാറ്റം നാല് ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച ഹൈടെക് ക്ലാസ്റൂമാണ്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ക്ലാസ്മുറിയില്‍ എല്‍ ഇ ഡി ടി വി, സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്. പഠനത്തിന് പുറമെ കുട്ടികള്‍ക്ക് സൗജന്യമായി സ്കേറ്റിംഗ് ക്ലാസും നീന്തല്‍ പരിശീലനവും നല്‍കുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തോടെ കൂടുതൽ കുട്ടികൾ സ്കൂളിലെത്തിത്തുടങ്ങി. ഇപ്പോൾ സ്കൂളിൽ ഇരുന്നൂറ്റി നാൽപ്പത്തൊന്ന് കുട്ടികളുണ്ട്. അടുത്ത അധ്യയനവര്‍ഷം സ്കൂളിലേക്ക് കൂടുതല്‍ കുട്ടികളെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.


 

click me!