കെഎസ്ആർടിസി പെൻഷൻ പരിഷ്കരണം നടത്താമെന്ന് സർക്കാരിന്‍റെ ഉറപ്പ്, സെക്രട്ടേറിയറ്റ് ധർണ അവസാനിപ്പിച്ച് പെൻഷൻകാർ

By Web Desk  |  First Published Jan 9, 2025, 7:47 PM IST

കഴിഞ്ഞ ദിവസം സമരവേദി സന്ദർശിച്ച എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കെഎസ്ആർടിസി പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുമെന്ന് ഉറപ്പും നൽകിയിരുന്നു.


തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയ കെഎസ്ആർടിസി പെൻഷൻകാർ സമരം അവസാനിപ്പിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിലും ഇതര ജില്ലകളിലെ  കെഎസ്ആർടിസി ഡിപ്പോകളിലും കഴിഞ്ഞ 38 ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരമാണ് താൽക്കാലികമായി അവസാനിച്ചത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ വിളിച്ചുചേർത്ത യോഗത്തിലെ ധാരണ പ്രകാരമാണ് സമരം താത്ക്കാലിക മായി നിർത്തിവച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ, സമരസഹായ സമിതി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, വൈസ് ചെയർമാൻ വി.എസ്. ശിവകുമാർ, രക്ഷാധികാരികളുമായ ബിനോയ് വിശ്വം, കെ.കെ. ദിവാകരൻ, കെഎസ്ആർടിസി  സിഎംഡി പ്രമോജ് ശങ്കർ ഓർഗനെസേഷൻ നേതാക്കൾ എന്നിവരുമായി ഗതാഗതമന്ത്രി ബന്ധപെട്ടതിനെ തുടർന്ന് സമരത്തിന് ആധാരമായ കാര്യങ്ങളിൽ അടിയന്തിര പരിഹാരം ഉറപ്പുനൽകിയതിനെ തുടർന്നാണ് ധർണ അവസാനിപ്പിക്കാൻ തീരുമാനമായത്.

Latest Videos

കഴിഞ്ഞ ദിവസം സമരവേദി സന്ദർശിച്ച എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കെഎസ്ആർടിസി പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുമെന്ന് ഉറപ്പും നൽകിയിരുന്നു. സമരം അവസാനിപ്പിക്കുന്ന യോഗത്തിൽ ഓർഗനൈസേഷൻ സംസ്ഥാന  പ്രസിഡന്‍റ് പി. മുരളീധരൻ പിള്ള അധ്യക്ഷനായി. ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്റഫ് നിലവിലെ ധാരണയ്ക്ക് ആധാരമായ കാര്യങ്ങൾ വിശദീകരിച്ചു. സമരസഹായ സമിതി വൈസ് ചെയർമാനും മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായ വി.എസ്. ശിവകുമാർ സമരം താൽക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപനം നടത്തി. സംഘടനയുടെ സംസ്ഥാനട്രഷറർ എ.കെ.  ശ്രീകുമാർ  നന്ദി അറിയിച്ചു.

tags
click me!